Sorry, you need to enable JavaScript to visit this website.

കൊറോണ പുതിയ തരത്തിലേക്ക് മാറുന്നു; ചൈന ആശങ്കയില്‍


ബീജിങ്- ചൈനയില്‍ പുതിയ തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട  കൊറോണ വൈറസ് വ്യാപനം . വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിലാണ് പുതിയ വിധത്തിലുള്ള സ്വഭാവത്തോടെ ആളുകളില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടത്.വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ സ്വഭാവങ്ങളോടെയല്ല പുതിയ കേസുകളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗകാരിയായ വൈറസ് അജ്ഞാതമായ രീതിയിലേക്ക് മാറുകയും രോഗത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണമാക്കുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.വടക്ക്കിഴക്കന്‍ പ്രവിശ്യയായ ജിലിന്‍ ,ഹെയ്‌ലോങ്ജാങിലുമാണ് പുതിയതായി രോഗികളെ കണ്ടെത്തിയത്. ഈ രോഗികള്‍ക്ക് കൂടുതല്‍ കാലം വൈറസ് ബാധയുണ്ടായതായും പരിശോധനാഫലം നെഗറ്റീവാകാനും കൂടുതല്‍ സമയമെടുക്കുന്നുവെന്ന് ചൈനയിലെ പ്രമുഖ അടിയന്തര ചികിത്സാ ഡോക്ടറായ ക്യു ഹെയ്‌ബോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വുഹാനിലുള്ള രോഗികളേക്കാള്‍ ഒന്നോ രണ്ടോ ആഴ്ച അധികമെടുക്കുന്നുണ്ട് പുതിയ രോഗികള്‍. അണുബാധയെ തുടര്‍ന്നുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാന്‍ സമയമെടുക്കുന്നു. ഇത് വൈറസ് വ്യാപനം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു.വൈറസ് മനുഷ്യരിലൂടെ വ്യാപിക്കുമ്പോള്‍ അതിന് പരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് ഗവേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയായി രണ്ട് പ്രവിശ്യകളിലെ മൂന്ന് നഗരങ്ങളില്‍ 46 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍.വടക്കന്‍ പ്രവിശ്യകളിലെ രോഗികളില്‍ ശ്വാസകോശം സാരമായി തകരാറിലാകുകയാണ് ചെയ്യുന്നത്. വുഹാനില്‍ ശ്വാസകോശവും ഹൃദയവും കിഡ്‌നിയുമൊക്കെ തകരാറിലാകുകയാണ് ചെയ്യുന്നത്. റഷ്യയില്‍ നിന്നുള്ള രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് പുതിയ ക്ലസ്റ്റര്‍ ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. വടക്ക്കിഴക്കന്‍ മേഖലയിലെ കോവിഡ് കേസുകളും റഷ്യന്‍ ബന്ധമുള്ള വൈറസ് കേസുകളും തമ്മില്‍ പൊരുത്തമുള്ള ജനിതക സീക്വന്‍സിങ് കാണുന്നുണ്ടെന്ന് ഡോ.ക്യൂ അറിയിച്ചു.
 

Latest News