ന്യൂദല്‍ഹി- അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യ മുസ്ലിംകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ദല്‍ഹിയില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരനായ 28-കാരന്‍ സമീഉ റഹ്മാനെയാണ് ദല്‍ഹി പോലീസ് പ്രത്യേക സെല്ലിന്റെ പിടിയിലായത്. നിരോധിത ഭീകര സംഘടനയായ അല്‍ ഖാഇദയ്ക്കു വേണ്ടി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യലായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.
ബംഗ്ലദേശ് വംശജനായ റഹ്മാന്‍ ദല്‍ഹി, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇവിടങ്ങളിലെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ വശീകരിച്ച് ഇന്ത്യയ്ക്കും മ്യാന്‍മറിനുമെതിരെ പൊരുതാനായി റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് പോലീസ് വാദം.
അല്‍ ഖാഇദയുടെ അല്‍ നുസ്‌റ ഫ്രണ്ടിനു വേണ്ടി സിറിയയിലെ അലപ്പോയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും ദല്‍ഹി പൊലീസ് പറയുന്നു. ഭീകരര്‍ക്കൊപ്പം ചേരാന്‍ ഒരാളെ വശീകരിക്കുന്നതിനിടെ കിഴക്കന്‍ ദല്‍ഹിയിലെ വികാസ് മാര്‍ഗില്‍ വച്ചാണ് ഇയളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഭീരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്നാരോപിച്ച ബംഗ്ലാദേശില്‍ അറസ്റ്റിലായിരുന്നതായും ഏപ്രിലിലാണ് പുറത്തിറങ്ങിയതെന്നും പോലീസ് പറയുന്നു. ഇതിനു ശേഷം ഇന്ത്യയിലെ റോഹിങ്ക്യകളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് അല്‍ഖാഈദ നേരിട്ടു ഇയാളെ ഇന്ത്യയിലേക്കു പറഞ്ഞയച്ചതാണത്രെ.
ഒരു ലാപ്‌ടോപ്, 2,000 യുഎസ് ഡോളര്‍, 9 എം എം പിസ്റ്റള്‍, വെടിയുണ്ടകള്‍, ഇന്ത്യയിലേയും ബംഗ്ലാദേശിലേയും സിം കാര്‍ഡുകള്‍ തുടങ്ങിയവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. രണ്ടു മാസം മുമ്പാണ് ഇയാളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. അന്നു മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുഎപിഎ പ്രകാരം കേസെടുത്ത ഇയാളെ ചോദ്യം ചെയ്ത് ഇന്ത്യയിലെ മൊത്തം അല്‍ ഖാഇദ ശൃംഖലയേയും കണ്ടെത്തുമെന്ന് ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുശ് വാഹ പറഞ്ഞു.