Sorry, you need to enable JavaScript to visit this website.

സൂം ആപ്പ് വഴി വധശിക്ഷ വിധിച്ച സിംഗപ്പൂര്‍ വിവാദത്തില്‍

സിംഗപ്പൂര്‍ ബിസിനസ് ഡിസ്ട്രിക്ടിലുള്ള സുപ്രീം കോടതി സമുച്ചയം.

സിംഗപ്പൂര്‍ സിറ്റി- വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂം വഴി വിചാരണ നടത്തി വധശിക്ഷ വിധിച്ച സംഭവത്തില്‍ സിംഗപ്പൂരിനെതിരെ വിമര്‍ശം. മലേഷ്യന്‍ മയക്കുമരുന്ന് കടത്തുകാരന്‍ പുനിതന്‍ ഗെനാസനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സൂം വീഡിയോ ആപ്പ് വഴി ശിക്ഷ വിധിച്ചതെന്ന് കോടതി ഉദ്യോഗസ്ഥര്‍ പറയുന്നു. 28.5 ഗ്രാം ഹെറോയിന്‍ കടത്തിയതിനാണ് 37 കാരന് വധശിക്ഷ വിധിച്ചത്. സിംഗപ്പൂരില്‍ മയക്കുമരുന്നിനെതിരായ നിയമം ശക്തമായതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നത്.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിദൂര വിചാരണയിലൂടെ വധശിക്ഷ വിധിച്ച സംഭവം സിംഗപ്പൂര്‍ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ മുതല്‍ ബിസിനിസ് മീറ്റിംഗുകള്‍ക്കുവരെ സൂം വ്യാപകമായി ഉപയോഗിക്കുന്നണ്ട്. അതേസമയം, സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തുവന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണിതെന്ന് സംഘടന ആരോപിച്ചു. വധശിക്ഷ തന്നെ ക്രൂരമാണ്. അതിനിടെയാണ് വധശിക്ഷ വിധിക്കാന്‍ സിംഗപ്പൂര്‍ സൂം പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് സംഘടനയുടെ ഏഷ്യാ ഡെപ്യൂട്ടി ഡയരക്ടര്‍ ഫില്‍ റോബേര്‍ട്‌സണ്‍ പറഞ്ഞു. വധശിക്ഷ ലഭിക്കാവുന്ന കുറ്റം നേരിടുന്ന ഒരാള്‍ക്ക് പ്രോസിക്യൂട്ടര്‍മാരേയും ജഡ്ജിമാരേയും കാണാനുള്ള അവകാശമുണ്ടെന്ന കാര്യം പോലും സിംഗപ്പൂരില്‍ വിസ്മരിക്കപ്പെട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.


 

 

Latest News