ന്യൂദൽഹി- ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ തങ്ങളെ കോൺഗ്രസാണ് രക്ഷിച്ചതെന്ന് യു.പിയിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ. നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്നിന്ന് യു.പിയുടെ വിവിധ ഭാഗങ്ങളിലേക്ക് കോൺഗ്രസ് ആയിരം ബസുകൾ ഏർപ്പെടുത്തിയിരുന്നു. ഈ ബസിൽ എത്തിയ തൊഴിലാളികളാണ് കോൺഗ്രസിനെ പുകഴ്ത്തിയും യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിനെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയത്. തൊഴിലാളികൾക്ക് വേണ്ടി ആയിരം ബസുകൾ വിട്ടുനൽകാമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബസുകൾ ലഖ്‌നൗവിൽ എത്തിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം എന്നായിരുന്നു യു.പി സർക്കാർ ആവശ്യപ്പെട്ടത്. സമയം പാഴാക്കാനില്ലെന്നും രാഷ്ട്രീയം കളിക്കരുതെന്നും പ്രിയങ്ക തിരിച്ചടിച്ചതോടെ യു.പി സർക്കാർ വീണ്ടും നിലപാട് മാറ്റി. ദൽഹി, യു.പി അതിർത്തിയിലുള്ള നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളിലേക്ക് അഞ്ഞൂറ് വീതം ബസുകൾ എത്തിക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇത് അനുസരിച്ച് എത്തിച്ച ബസുകളിലാണ് തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് പോയത്. ബസുകൾക്ക് പകരം ബൈക്കുകളുടെയും ചരക്കുലോറികളുടെയും നമ്പറുകളാണ് കോൺഗ്രസ് നൽകിയത് എന്ന് നേരത്തെ യു.പി മന്ത്രി സിദ്ധാർത്ഥ് നാഥ് ആരോപിച്ചിരുന്നു. എന്നാൽ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകളിൽ എത്തിയവർ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ദുരിതങ്ങൾക്ക് കാരണം ബി.ജെ.പിയാണെന്നും കോൺഗ്രസാണ് തങ്ങളെ രക്ഷിച്ചതെന്നും തൊഴിലാളികൾ പറയുന്നു.