Sorry, you need to enable JavaScript to visit this website.

 നിയമ വിദ്യാര്‍ത്ഥിനിയെ ആളുമാറി വെടിവച്ചു കൊന്നു

ലണ്ടന്‍- ബ്രിട്ടന്‍  കോവിഡ് ഭീതിയിലൂടെ കടന്നു പോകുന്നതിനിടെ ബ്ലാക്ക്‌ബേണില്‍ 19 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയെ ആളുമാറി വെടിവച്ചു കൊന്നു. ബ്ലാക്ക്‌ബേണിലുള്ള കിങ് സ്ട്രീറ്റിലെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തുവച്ചാണ് ഞായറാഴ്ച അയ ഹാചെം എന്ന പെണ്‍കുട്ടി അക്രമികളുടെ തോക്കിനു ഇരയായത്. പെണ്‍കുട്ടിക്ക് ആളുമാറി ആണ് വെടിയേറ്റത് എന്ന് പോലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുമ്പോഴാണ് റോഡിലൂടെ പോയ കാറില്‍ നിന്നും വെടിവയ്പ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 33നും 36 നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരെ സംശയാസ്പദമായി ബ്ലാക്ക്‌ബേണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലയ്ക്കു ഉപയോഗിച്ചതെന്ന് കരുതുന്ന ടയോട്ട അവെന്‍സിസ് എന്ന വാഹനം വെല്ലിങ്ടണ്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ടതായി പിന്നീട് കണ്ടെത്തി. വെടിവയ്പ്പ് നടന്ന സമയത്ത് കാറിനുള്ളില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം.
ഈ പെണ്‍കുട്ടിയല്ലായിരുന്നു കൊലപാതകികളുടെ ലക്ഷ്യം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വഴിയാത്രക്കാരി മാത്രമായിരുന്നു അവള്‍. ഒരു സോളിസിറ്റര്‍ ആവുക എന്ന പെണ്‍കുട്ടിയുടെ സ്വപ്നമാണ് പൊലിഞ്ഞു പോയത്. മകള്‍ക്കു നീതി ലഭിക്കണമെന്നു അയയുടെ മാതാപിതാക്കള്‍ മുന്നോട്ടു വെച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം മൃതദേഹം ലെബനനിലെ ഗ്രാമത്തില്‍ കൊണ്ട് പോയി അടക്കം ചെയ്യാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്ന് ചില്‍ഡ്രന്‍സ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് റസ്സല്‍ അനുസ്മരിച്ചു.

Latest News