ന്യൂദല്‍ഹി-ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികളും വാണിജ്യയൂണിറ്റുകളും മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.
മുഴുവന്‍ ശമ്പളവും നല്‍കുകയെന്ന അധിക ഭാരത്തില്‍ നിന്ന് കമ്പനികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ കഴിയാത്ത നിരവധി വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ആശ്വാസം നല്‍കുമ്പോഴും കൂലി മുടങ്ങുന്ന തൊഴിലാളികള്‍ക്ക് പകരം സംവിധാനമൊന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല.
2005 ലെ ദുരന്തനിവാരണ നിയമത്തിലെ 10(2) വകുപ്പ് പ്രകാരം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി (എന്‍ഇസി) പുറപ്പെടുവിച്ച ഉത്തരവുകള്‍ 18.05.2020 മുതല്‍ മരവിപ്പിക്കുന്നു' എന്നാണ് ലോക്ക്ഡ ഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവില്‍ പറയുന്നത്.സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നാലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് കേന്ദ്രം മുന്നോട്ട് വെച്ചത് മാര്‍ച്ച് 29നായിരുന്നു. ഈ ഉത്തരവാണിപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.