പാറ്റ്‌ന- മകന്റെ മരണത്തെ തുടർന്ന് വീട്ടിലെത്താനാകാതെ പാതയോരത്ത് നിന്ന് പൊട്ടിക്കരഞ്ഞ ബിഹാർ സ്വദേശി ഒടുവിൽ വീട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് ദൽഹിയിലെ തെരുവിലിരുന്ന കരയുന്ന രാംപുകാർ പണ്ഡിറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇദ്ദേഹത്തിന്റെ മകൻ മരിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞില്ല. തുടർന്ന് റോഡുവക്കിലിരുന്ന കുടുംബാംഗങ്ങളുമായി ഫോണിൽ വിളിച്ച് കരയുന്നതിന്റെ ചിത്രമാണ് വൈറലായത്. പിന്നീട് കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ശ്രമിക് തീവണ്ടിയിൽ ഇദ്ദേഹത്തെ ബിഹാറിലെ ബെഗുസാരയി ജില്ലയിൽ എത്തിച്ചിരുന്നു. സർക്കാർ സംവിധാനത്തിന് കീഴിലുളള ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്നാണ് സ്രവം പരിശോധനക്കായി എടുത്തത്. ഭാര്യയും മകളും ആശുപത്രിയിലെത്തി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ശാരീരിക അകലം പാലിച്ചാണ് ഇവർ സന്ദർശനം നടത്തിയത്. നേരത്തെ ദൽഹിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.