ന്യൂദൽഹി- കുടിയേറ്റ തൊഴിലാളികളെ യു.പിയിലേക്ക് തിരിച്ചെത്തിക്കാൻ ആയിരം ബസുകൾ നൽകാമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തിന് മേൽ നിബന്ധന ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. രജിസ്‌ട്രേഷൻ നടപടികൾക്കായി ബസുകൾ ലഖ്‌നൗവിൽ എത്തിക്കണമെന്ന വിചിത്രമായ ആവശ്യമാണ് യു.പി സർക്കാർ മുന്നോട്ടുവെച്ചത്. ഇത്രയും ബസുകൾ എന്തിനാണ് കാലിയായി ലഖ്‌നൗവിൽ എത്തിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ യു.പി സർക്കാറിന് താൽപര്യമില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. സർക്കാറിന്റെ നടപടികൾ മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പ്രിയങ്ക ആരോപിച്ചു.ബസുകൾ ലഖ്‌നൗവിൽ എത്തിക്കണമെന്ന് ഇന്നലെ അർധരാത്രിയാണ് യു.പി ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. പുലർച്ചെ രണ്ടിന് തന്നെ ഇതിന് പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി മറുപടി നൽകുകയും ചെയ്തു.
हमारी बसें बॉर्डर पर खड़ी हैं। हजारों की संख्या में राष्ट्र निर्माता श्रमिक और प्रवासी भाई-बहन धूप में पैदल चल रहे हैं।
— Priyanka Gandhi Vadra (@priyankagandhi) May 17, 2020
परमीशन दीजिए @myogiadityanath जी, हमें अपने भाइयों और बहनों की मदद करने दीजिए pic.twitter.com/kNyxdKyxZA
നേരത്തെ കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിന് ആയിരം ബസുകൾ നൽകാമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം യു.പി സർക്കാർ സ്വീകരിക്കുകയും ചെയ്തു. ആയിരം ബസുകളുടെ വിശദാംശങ്ങൾ സർക്കാറിന് കോൺഗ്രസ് കൈമാറി. ചൊവാഴ്ച രാവിലെ പത്തുമണിക്ക് ബസുകൾ ലഖ്‌നൗവിൽ എത്തിക്കണം എന്നായിരുന്നു യു.പി സർക്കാറിന്റെ ആവശ്യം. നിരവധി തൊഴിലാളികൾ റോഡപകടങ്ങളിൽ മരിക്കുന്ന പശ്ചാതലത്തിലായിരുന്നു പ്രിയങ്ക ഗാന്ധി ഈ വാഗ്ദാനം നൽകിയത്.
വാഗ്ദാനത്തിന് മേൽ പുതിയ നിബന്ധന കൂടി വന്നതോടെ പ്രിയങ്ക വീണ്ടും വീഡിയോ സന്ദേശം പുറത്തുവിട്ടു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. കോൺഗ്രസ് വാഗ്ദാനം ചെയ്ത ബസുകൾ അതിർത്തിയിൽ കാത്തുനിൽക്കുന്നുണ്ട്. ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികൾ ഭക്ഷണവും വെള്ളവുമില്ലാതെ അവരുടെ വീടുകളിലേക്ക് ബുദ്ധിമുട്ട് സഹിച്ച് നടന്നുപോകുകയാണ്. ബസുകൾക്ക് അനുമതി നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.