ന്യൂദൽഹി- ഉംപുൺ ചുഴലിക്കാറ്റ് കഠിനമായ പ്രഹരശേഷിയുള്ള സൂപ്പർ സൈക്ലോണായി മാറി. ഇതോടെ, ബംഗാൾ ഒഡീഷ തീരങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ 37 സംഘങ്ങളാണ് രണ്ടു രാജ്യങ്ങളുടെയും തീര പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതെന്ന് ദുരന്തനിവാരണ സേനയുടെ തലവൻ എസ്.എൻ പ്രധാൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടോടെ ചുഴലിക്കാറ്റിന് ശക്തി പ്രാപിച്ച് അഞ്ചാം വിഭാഗത്തിൽപ്പെടുന്ന സൂപ്പർ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനിടയിൽ ആളുകളെ സാമൂഹിക അകലം പാലിച്ചായിരിക്കും മാറ്റി പാർപ്പിക്കുക. ബുധനാഴ്ച തീരം തൊടുന്ന ചുഴലിക്കാറ്റിന് വഴിയിൽ അതിന്റെ തീവ്രത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അതേസമയം ബംഗാളിനെ ഗുരുതരമായ തോതിൽ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.