ലണ്ടൻ- കോവിഡിനെ കേരളം നേരിട്ട രീതിയെ പറ്റി വിശദീകരിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ബി.ബി.സി ചാനലിൽ അതിഥിയായി എത്തി. രാത്രി സംപ്രേഷണം ചെയ്ത ബി.ബി.സിയുടെ ലോകവാർത്തയിലായിരുന്നു അഭിമുഖം വന്നത്. തിരുവനന്തപുരത്ത്‌നിന്ന് തത്സമയായിരുന്നു വാർത്താ സംപ്രേഷണം.
കോവിഡ് റിപ്പോർട്ട് ചെയ്ത മുതൽ കേരളം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് വിജയത്തിലെത്താൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. വുഹാനിൽ കൊറോണ റിപ്പോർട്ട് ചെയ്ത ഘട്ടം മുതൽ കേരളം സജ്ജമായി തുടങ്ങിയതായി ടീച്ചർ പറഞ്ഞു. പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. വിമാനത്താവളങ്ങളിൽ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തി. പുറത്തുനിന്നുവരുന്നവരെ നിരീക്ഷിച്ചു.
ഇപ്പോൾ മറ്റിടങ്ങളിൽനിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ലോക്ഡൗൺ ആണ് ഇന്ത്യയിൽ എന്നു പറഞ്ഞാണ് ബി.ബി.സി വാർത്ത തുടങ്ങിയത്. ഇന്ത്യയിലെ ജനസംഖ്യയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതുവരെയുളള മരണനിരക്കുകൾ താരതമ്യേന കുറവാണെന്നും ബി.ബി.സി വ്യക്തമാക്കി. അതിന് ശേഷമാണ് ബിബിസി കേരളത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചത്. കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ട്. എന്നാൽ ഇതുവരെ നാല് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തെന്നും ബിബിസി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഫലപ്രദമായി കൊറോണയെ നേരിടുന്നതിൽ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നത് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയാണെന്നും ബി.ബി.സി വ്യക്തമാക്കി.