ന്യൂദല്‍ഹി-കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗി. സൊമാറ്റാ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയുടെ ഈ നീക്കം. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തില്‍ അധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി അറിയിച്ചു.
നിര്‍ഭാഗ്യകരമായ വെട്ടിക്കുറയ്ക്കല്‍ നടപടിയിലൂടെ കടന്നുപോകേണ്ടതിനാല്‍ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണെന്ന് കമ്പനിയുടെ സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളില്‍ കമ്പനിയിലെ 1100 ജീവനക്കാര്‍ പിരിഞ്ഞുപോകണമെന്ന് ശ്രീഹര്‍ഷ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ പറഞ്ഞുവെന്ന് കമ്പനിയുടെ ബ്ലോഗില്‍ പറയുന്നു. കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടാലും ഡെലിവറി ബിസിനസ്സിനും ഡിജിറ്റല്‍ വ്യാപാരത്തിനും കോവിഡ് ദൂരവ്യാപക പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം എത്രത്തോളം നിലനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നും അതിനാല്‍ ശക്തരാകാനായി കൂടുതല്‍ തയ്യാറാകേണ്ടതുണ്ടെന്നും ശ്രീഹര്‍ഷ കൂട്ടിച്ചേര്‍ത്തു.