Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: വിദേശികൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ ആശങ്ക

റിയാദ് - മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന റിയാദിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗം സാമൂഹിക വ്യാപനത്തിലേക്ക് മാറുന്നത് ആശങ്കയുളവാക്കുന്നു. റിയാദിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന ബത്ഹ, അസീസിയ, അൽഹായിർ റോഡ്, ഹാര എന്നിവിടങ്ങളിലാണ് രോഗം അതിവേഗം പടർന്നുപിടിക്കുന്നത്. സൗദി ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ നിർദേശിക്കുന്ന മുൻകരുതൽ നടപടികളോ സാമൂഹിക സമ്പർക്ക വിലക്കോ പാലിക്കാൻ പൊതുജനം മടികാണിക്കുന്നതാണ് രോഗ വ്യാപനത്തിന് കാരണമാകുന്നത്. 


ബത്ഹയിലെ ചില ഭാഗങ്ങളിൽ വൈകുന്നേരം അഞ്ചു മണി വരെ വൻജനക്കൂട്ടമാണ് രൂപപ്പെടുന്നത്. വഴിവാണിഭക്കാരും മറ്റും യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഈ സമയങ്ങളിൽ സജീവമാകുന്നു. ഇത്തരം ഏരിയകളിൽ താമസിക്കുന്ന നിരവധി പേർക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 
റൂമുകളിൽ മൂന്നും നാലും പേർ താമസിക്കുന്നത് കാരണം എല്ലാവരും ഒന്നിച്ച് ക്വാറന്റൈൻ ചെയ്യേണ്ട അവസ്ഥയിലാണ്. റൂമിലെ മറ്റുള്ളവർക്ക് വ്യാപന സാധ്യതയുണ്ടാകുമെന്നതിനാൽ രോഗലക്ഷണമോ സ്ഥിരീകരണമോ ഉള്ളവരെ മറ്റു റൂമുകളിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അത് കൂടുതൽ റൂമുകളിലേക്ക് വൈറസ് വ്യാപനത്തിന് വഴിയൊരുക്കും. മരുന്നുകളോടൊപ്പം മാസ്‌ക് ഉപയോഗിച്ച് ആ റൂമിൽ തന്നെ എല്ലാവരും ക്വാറന്റൈനിൽ കഴിയുകയാണ് വേണ്ടത്.


ഓരോ ദിവസവും നിരവധി പേർ കോവിഡ് ലക്ഷണങ്ങളോടെ സഹായാഭ്യർഥനയുമായി സമീപിക്കുന്നുണ്ടെന്ന് വിവിധ സംഘടന പ്രവർത്തകർ പറയുന്നു. റിയാദിന്റെ മറ്റു ഭാഗങ്ങളിൽ താരതമ്യേന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. റിയാദിലെ നോർക്ക സമിതിയും വിവിധ സംഘടനകളും വാട്‌സാപ് കോവിഡ് ഹെൽപ് ഡെസ്‌കുകൾ രൂപീകരിച്ച് പൊതുജനങ്ങളുടെ പരാതി കേട്ട് പരിഹാരം നൽകിവരുന്നുണ്ട്.  ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണെന്നതിനാൽ അപ്പപ്പോൾ മറുപടി ലഭിക്കുന്നു. പക്ഷേ നിശ്ചിത ദിവസം ക്വാറന്റൈൻ ചെയ്യാനോ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനോ ഉള്ള ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാൻ മിക്കവരും തയ്യാറാകുന്നില്ലെന്നാണ് പരാതി.


കോവിഡ് സ്ഥിരീകരിച്ച് കൂടുതൽ ലക്ഷണങ്ങളുള്ളവരെ മാത്രമേ ആശുപത്രികൾ സ്വീകരിക്കുന്നുള്ളൂവെന്നും നിലവിൽ മിക്ക ആശുപത്രികളിലും ബെഡുകൾ ഫുൾ ആണെന്നതിനാൽ ഒഴിവ് വരുന്നതനുസരിച്ചാണ് രോഗികളെ പ്രവേശിപ്പിക്കുന്നതെന്നും നിരവധി രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ മുന്നിൽ നിൽക്കുന്ന കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ മഹ്ബൂബ് പറഞ്ഞു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി ഡോക്ടർമാരടക്കമുള്ള സംഘങ്ങൾ സംസാരിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. ഒരാൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ ഫ്ളാറ്റിൽ കഴിയുന്ന ബാക്കിയുള്ളവരും ടെസ്റ്റിനും ക്വാറന്റൈനും വിധേയമാകണമെന്നതാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ആശുപത്രികളിൽ കോവിഡ് പരിശോധന നടത്തി ഫലം വരുന്നത് വരെ റൂമിൽ ക്വാറന്റൈൻ ചെയ്യണമെന്നുണ്ടെങ്കിലും ആരും അത് ഗൗനിക്കുന്നില്ല. രോഗ ലക്ഷണങ്ങളുള്ളവരും സമ്പർക്കമുള്ളവരും ഷോപ്പുകളിലെയും മറ്റും ജീവനക്കാരായതിനാൽ കൃത്യസമയത്ത് ഡ്യൂട്ടിക്ക് പോകുന്നതോടെ രോഗം മറ്റുള്ളവർക്ക് കൂടി പകർത്തുകയാണ് ചെയ്യുന്നത്. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും അല്ലാത്ത സമയം വീടുകളിൽ കഴിഞ്ഞു കൂടണമെന്നും ആരോഗ്യമന്ത്രാലയം ദിനേന സാമൂഹിക മാധ്യമങ്ങൾ വഴിയും മൊബൈലുകളിലൂടെയുള്ള സന്ദേശങ്ങളിലൂടെയും ബോധവത്കരണം നടത്തുന്നുണ്ട്.

Latest News