അഹമ്മദാബാദ്- 2002-ലെ ഗുജറാത്ത് കലാപത്തിലെ പ്രതികളിലൊരാളായ മായ കോട്‌നാനിക്ക് അനുകൂലമായ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കോടതിയിൽ സാക്ഷിമൊഴി നൽകി. 2002 ഫെബ്രുവരി 28ന് നടന്ന നരോദഗ്രാം കൂട്ടക്കൊല കേസിലാണ് അമിത് ഷാ ഇന്ന് കോടതിയിലെത്തി അനുകൂല സാക്ഷിമൊഴി നൽകിയത്. കൂട്ടക്കൊല നടന്ന ദിവസം രാവിലെ താൻ മായ കോട്‌നാനിയെ കണ്ടിരുന്നതായി അമിത് ഷാ മൊഴി നൽകി. നരോദ ഗ്രാം കൂട്ടക്കൊലയിൽ തനിക്ക് പങ്കില്ലെന്നും അന്ന് ആ സ്ഥലത്തേക്ക് പോയിട്ടില്ലെന്നുമാണ് മായ കോട്‌നാനിയുടെ പ്രധാന വാദം. ഇതിന് തെളിവായാണ് അമിത് ഷായെ കോടതി വിളിച്ചുവരുത്തിയത്. 2002-ൽ ഗുജറാത്ത് നിയമസഭയിലെ അംഗമായിരുന്നു കോട്‌നാനി. അഹമ്മദാബാദിലെ സോല സിവിൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റുമായിരുന്നു മായ കോട്‌നാനി. നിയമസഭ സമ്മേളനത്തിന് ശേഷം നേരെ ആശുപത്രിയിലേക്കാണ് പോയത് എന്നാണ് മായ കോട്‌നാനിയുടെ വാദം. ആശുപത്രിയിൽ വെച്ച് മായ കോട്‌നാനിയെ കണ്ടിരുന്നുവെന്നാണ് അമിത് ഷാ മൊഴി നൽകിയത്. അമിത് ഷായും ഈ സമയത്ത് ഗുജറാത്ത് നിയമസഭയിൽ അംഗമായിരുന്നു.
രാവിലെ എട്ടരക്ക് മായ കോട്‌നാനി നിയമസഭയിൽ ഉണ്ടായിരന്നു. നിയമസഭയിൽനിന്ന് നേരെ ആശുപത്രിയിലേക്ക് പോയി. 9.30നും 9.45നും ഇടയിൽ താൻ ആശുപത്രിയിലെത്തി. രാവിലെ 11.00-11.15 വരെ ആശുപത്രിയിൽ ചെലവിട്ട താൻ അവിടെനിന്ന് മടങ്ങുമ്പോൾ മായയെ കണ്ടിരുന്നതായും അമിത് ഷാ പറഞ്ഞു. ആശുപത്രിയിൽനിന്ന് പിന്നീട് മായ എവിടേക്കാണ് പോയത് എന്ന കാര്യം തനിക്കറിയില്ലെന്നും അമിത് ഷാ പറഞ്ഞു. നരോദ ഗ്രാമിലേക്ക് അക്രമികളെയും നയിച്ച് മായ കോട്‌നാനിയാണ് എത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയത്. 2002 ഫെബ്രുവരി 28ന് രാവിലെ ഒൻപതരക്കും പത്തിനും ഇടയിലാണ് പതിനൊന്ന് മുസ്്‌ലിംകളെ അ്ക്രമികൾ കൊലപ്പെടുത്തിയത്.