അഹമ്മദാബാദ്- ഗുജറാത്ത് കലാപകാലത്ത് പതിനൊന്ന് മുസ്ലിംകൾ കൊല്ലപ്പെട്ട നരോദ ഗ്രാം കൂട്ടക്കൊല കേസിൽ പ്രതിഭാഗം സാക്ഷിയായ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സാക്ഷി പറയാൻ കോടതിയിലെത്തി. 2002-ലെ ഗുജറാത്ത് കലാപ കേസിൽ നരോദഗ്രാം കൂട്ടക്കൊല കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവും ഗുജറാത്തിലെ നരേന്ദ്രമോഡി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയുമായിരുന്ന മായ കോട്നാനിക്ക് വേണ്ടി സാക്ഷി പറയാനാണ് അമിത് ഷാ എത്തുന്നത്. കേസിൽ സാക്ഷി പറയാൻ വേണ്ടി അമിത് ഷാ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് അമിത് ഷാ കോടതിയിലെത്തിയത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കൂട്ടക്കൊല കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് മായ. നരോദ പാട്യയിൽ നൂറ് മുസ്്‌ലിംകളെ കൊലപ്പെടുത്തിയ കേസിലാണ് കോട്‌നാനി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. നരോദപാട്യയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് നരോദ ഗ്രാം. ഇവിടെ 11 മുസ്ലിംകളെയാണ് മായ കോട്‌നാനിയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്.
പ്രത്യേക എസ് ഐ ടി കോടതിയിലാണ് വിചാരണ നടക്കുന്നത്. നരോദഗ്രാമിൽ കൂട്ടക്കൊല നടക്കുമ്പോൾ താൻ അമിത് ഷാക്ക് ഒപ്പമായിരുന്നുവെന്നാണ് മായ കോടതിയിൽ വാദിച്ചത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അമിത് ഷായെ വിസ്തരിക്കാൻ കോടതി തീരുമാനിച്ചത്.