ന്യൂദല്‍ഹി- രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടന്നിരിക്കേ ഓണ്‍ലൈന്‍ വ്യാപരത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കുണ്ടായിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി എടുത്തുകളഞ്ഞത്. റെഡ് സോണില്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഇനി ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് കഴിയും. സാമൂഹിക അകലം പാലിച്ചു കൊണ്ട് റെഡ് സോണിലും സാധനങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
‘ഞങ്ങളുടെ വ്യാപാര ശൃംഖലയിലെ ആറു ലക്ഷത്തോളം വരുന്ന ചെറുകിട സംരംഭകര്‍ക്ക് ഈ തീരുമാനം വലിയ പ്രോത്സാഹനമാകും. സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുമ്പോഴും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടു മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളു.’ കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ആമസോണ്‍ വക്താവ് പറഞ്ഞു.
നാലാംഘട്ട ദേശീയ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പമാണ് ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയത്. ഇനി അവശ്യ വസ്തുക്കള്‍, അവശ്യേതര വസ്തുക്കള്‍ എന്ന വേര്‍തിരിവില്ലാതെ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്തും രാജ്യത്ത് എവിടെയും എത്തിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കഴിയും.