ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിനുകളും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും 31 വരെ തുറന്നു പ്രവര്‍ത്തിക്കരുത്. ആരാധനാലയങ്ങളോ ആളുകള്‍ കൂടിച്ചേരുന്ന മറ്റ് ചടങ്ങുകളോ അനുവദിക്കില്ല.
റസ്റ്ററന്റുകള്‍, സിനിമ തീയറ്ററുകള്‍, ഹോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍ എന്നിവ അടച്ചിടും. അതേസമയം, ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്.
- 65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
- രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.
- എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മത, സാംസ്കാരിക, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ കൂടിച്ചേരലുകള്‍ക്ക് കര്‍ശന വിലക്ക് തുടരും.
- വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
- ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും
- ബസ് ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.
- സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും
- വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്.
- ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം.
- കണ്ടയിന്റ്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
- സോണുകള്‍ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമായിരിക്കണം സോണുകള്‍ തീരുമാനിക്കേണ്ടത്.