Sorry, you need to enable JavaScript to visit this website.

തൊഴിലുറപ്പ് പദ്ധതിക്ക് നാലായിരം കോടി രൂപ അധികം അനുവദിച്ചു-ധനമന്ത്രി

ന്യൂദൽഹി- കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ 'ആത്മനിർഭർ ഭാരത്' പാക്കേജിന്റെ അവസാനത്തെ പ്രഖ്യാപനവും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തി. തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ-നഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം, കമ്പനീസ് ആക്ട് ലളിതമാക്കൽ, കോവിഡ് കാലത്തെ ബിസിനസ്, സംരംഭങ്ങൾ എളുപ്പത്തിൽ നടപ്പാക്കൽ, പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള സഹായം, സംസ്ഥാനങ്ങൾക്കുള്ള സഹായം എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.

കോവിഡ് കാരണമുള്ള കടബാധ്യതയിൽപ്പെടുന്ന കമ്പനികൾ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ലെന്നും പുതിയ ഇൻസോൾവൻസി നടപടികളൊന്നും ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചു.  ഒരു വർഷത്തേക്കാണ് ആനുകൂല്യം. പഠനത്തിനായി 3 സ്വയം പ്രഭ ചാനലുകൾ നിലവിലുണ്ട്. അവയ്‌ക്കൊപ്പം 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി 12 ചാനലുകൾ ലഭ്യമാക്കും.
ഒരു രാജ്യം ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൗകര്യം സ്‌കൂൾ വിദ്യാഭ്യാസത്തിൽ നടപ്പാക്കും, ഒന്നു മുതൽ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകൾ നിർമിക്കും. കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉൾപ്പെടെ സാങ്കേതികത പഠനത്തിൽ ഉപയോഗപ്പെടുത്തും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കാഴ്ചാപരവും കേൾവിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രത്യേകം ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കും.

Latest News