ലോസ്ഏഞ്ചല്‍സ്-ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്കന്‍ മരുന്ന് കമ്പനി. കാലിഫോര്‍ണിയയിലെ സൊറെന്റൊ തെറാപ്യൂട്ടിക്‌സ് എന്ന മരുന്നു കമ്പനിയാണ് വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി വികസിപ്പിക്കാനായെന്ന് പറഞ്ഞത്. ഇവരുടെ എസ്.ടി.ഐ1499 എന്ന ആന്റിബോഡിക്ക് വൈറസിനെ കോശങ്ങള്‍ക്കുള്ളിലേക്ക് കയറുന്നതില്‍ നിന്ന് തടയാന്‍ 100% സാധിച്ചുവെന്നാണ് അവകാശവാദം. ലാബില്‍ നടന്ന പരീക്ഷണങ്ങളിലാണ് ഈ വിജയം കൈവരിച്ചത്. എന്നാല്‍ മനുഷ്യരില്‍ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ല. മരുന്നിന് അംഗീകാരം നേടുന്നതിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡിനെതിരായ മരുന്നിന്റെ രണ്ടു ലക്ഷം ഡോസ് ഒരു മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാക്കുമെന്നാണ് കമ്പനി പറയുന്നത്. അങ്ങിനെയെങ്കില്‍ നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കോവിഡ് വാക്‌സിനുകളേക്കാള്‍ വേഗത്തില്‍ ഇവ വിപണിയിലെത്തും. കോവിഡിനെതിരായ മരുന്നിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ സൊറെന്റൊ തെറാപ്യൂട്ടിക്കിന്റെ ഓഹരി മൂല്യത്തില്‍ 220 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കൊറോണ കുടുംബത്തില്‍ പെട്ട വൈറസുകള്‍ക്കെതിരെ ശരീരത്തിലെ പ്രതിരോധസംവിധാനം ഉത്പിപ്പിക്കുന്ന നിരവധി ആന്റിബോഡികളെ അനുകരിക്കുകയാണ് സൊറെന്റൊയുടെ മരുന്ന് ചെയ്യുന്നത്. വൈറസ് കോശത്തിനുള്ളിലേക്ക് കടക്കുന്നതിന് മാധ്യമമായി ഉപയോഗിക്കുന്ന കോശങ്ങളിലെ എസിഇ2 റിസപ്റ്ററുകളുടെ പ്രതലത്തില്‍ ആവരണമൊരുക്കുകയാണ് ഈ ആന്റിബോഡി ചെയ്യുന്നത്.
ഇതിലൂടെ വൈറസ് കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ചെയ്യുന്നത്.
അത് മാത്രമല്ല വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ഉണര്‍ത്തുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നം കൊണ്ട് വിവിധ രോഗങ്ങള്‍ക്കെതിരെ മനുഷ്യ ശരീരം ഉത്പാദിപ്പിച്ച ആന്റിബോഡികളുടെ കോടിക്കണക്കിന് വരുന്ന ശേഖരം കമ്പനി ഉണ്ടാക്കിയിരുന്നു. കൊറോണ വ്യാപനം ഉണ്ടായപ്പോള്‍ മുതല്‍ ഇവയെ ഓരോന്നിനെയും പ്രത്യേകം പരിശോധിച്ചതില്‍ നിന്ന് ഇവരുടെ ശേഖരത്തിലുള്ള 12 ആന്റിബോഡികള്‍ക്ക് കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ഇവയില്‍ പലതിനെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ആന്റിബോഡി കോക്ടെയിലിന് ഗവേഷകര്‍ രൂപം നല്‍കുകയായിരുന്നു.