ന്യൂദല്‍ഹി-രാജ്യത്തുടനീളം 1074 ശ്രമിക്ക് ട്രെയിനുകള്‍ വഴി ഇതുവരെ സ്വന്തം നാടുകളില്‍ എത്തിച്ചേര്‍ന്നത് 14 ലക്ഷം പേര്‍ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നത്. മെയ് 15 അര്‍ദ്ധരാത്രി വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1074 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു. 14 ലക്ഷത്തിലേറെ തൊഴിലാളികളെ ഈ ട്രെയിനുകളില്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പ്രതിദിനം രണ്ട് ലക്ഷം പേരെ ഈ ട്രെയിനുകളില്‍ കൊണ്ടുപോയി. വരും ദിവസങ്ങളില്‍ ഇത് പ്രതിദിനം 3 ലക്ഷമാകുമെന്നാണ് സൂചന.ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത് , ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, കര്‍ണ്ണാടക, കേരളം, ഗോവ, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ 1074 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്ര ആരംഭിച്ചത്. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,മിസോറം, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഈ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചത്.