റായ്പൂര്‍- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി റായ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍. ഫോണുകളും വൈറസ് വഹിക്കാന്‍ സാധ്യതയുണ്ടെന്നും ഇവയില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പകരാമെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
മൊബൈല്‍ ഫോണ്‍ പ്രതലങ്ങള്‍ വൈറസ് വഹിക്കാന്‍ വളരെയേറെ സാധ്യതുള്ളതാണെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ പലരും 15 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. കൈകള്‍ നന്നായി കഴുകിയാലും മുഖത്തോടും വായയോടും അടുപ്പിക്കുന്ന മൊബൈല്‍ ഫോണുകള്‍ വഴി കോവിഡ് പകരാമെന്ന് നേരത്തെ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലോകാരോഗ്യ സംഘടനയും സി.ഡി.സിയും അടക്കമുള്ള ആരോഗ്യ സംഘടനകള്‍ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ ഫോണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്ലെന്ന് ജേണലിലെ കുറിപ്പില്‍ പറയുന്നു. കൈകള്‍ കഴുകുകയാണ് ഡബ്ല്യു.എച്ച്.ഒ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനം.
ആശുപത്രികളിലും മറ്റു ആരോഗ്യ സ്ഥാപനങ്ങളിലും മറ്റുള്ള ഡോക്ടാര്‍മാരുമായും നഴ്‌സുമാരുമായും ആശയവിനിമയത്തിന് പ്രധാനമായി ആശ്രയിക്കുന്നത് ഫോണുകളാണ്.
സ്മാര്‍ട്ട് ഫോണുകളെ കൈയുടെ അനുബന്ധമായി തന്നെ കാണണമെന്നാണ് ഡോ.വിനീത് കുമാര്‍ പഥക്, ഡോ. സുനില്‍ കുമാര്‍ പാണിഗ്രാഹി, ഡോ.എം. മോഹന്‍കുമാര്‍, ഡോ.ഉത്സവ് രാജ്, ഡോ. കര്‍പഗ പ്രിയ എന്നിവര്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.