തിരുവനന്തപുരം- കൊറോണ സമൂഹത്തില്‍ വ്യാപിച്ച് മരിക്കേണ്ടവര്‍ മരിക്കുകയും അല്ലാത്തവര്‍ അതിജീവിച്ച് രോഗം വന്നാല്‍ ചികിത്സിച്ച് മാറ്റുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി വാദത്തോട് യോജിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം അപകടകരമാണ്. കേരളസര്‍ക്കാരിന്റെ ലക്ഷ്യം മരണസംഖ്യ കുറയ്ക്കുകയാണ്. ഒരാളായാലും പതിനായിരം പേരായാലും മരണം മരണമാണ്. നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം തിരിച്ചറിയൂ. അത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇന്ന് നല്‍കുന്ന ശ്രദ്ധ നല്‍കാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
സാമ്പത്തികമായി സംഭവിച്ച വലിയ തകര്‍ച്ചയാണ് കേരളത്തിന്റെ വെല്ലുവിളി. വാര്‍ഡ് തല സമിതികളില്‍ രാഷ്ട്രീയം പാടില്ല. ഇതിനിടെ പടരുന്ന ഡങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെ.കെ ശൈലജ പറഞ്ഞു. പ്രവാസികളും ഇതര സംസ്ഥാന മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ മടങ്ങി വരണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം.എന്നാല്‍ രണ്ടും കല്‍പ്പിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കില്ല. പ്രതിരോധ വാക്‌സിന്‍ പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് ശ്വാസം മുട്ടി മരിച്ചു പലരും. ആ ദൈന്യതയിലേക്ക് കേരളം മാറരുത്. ചെന്നൈയും മുംബൈയും ആ രീതിയിലേക്കാണ് മാറുന്നത്. രോഗികള്‍ കൂടുമ്പോള്‍ വേറെ വഴിയില്ല. കേരളത്തിന് അത് സംഭവിക്കരുത്.
വൈറസിന് കക്ഷി രാഷ്ട്രീയമില്ല. ആര്‍ക്കും വരാം. അതിര്‍ത്തിയില്‍ നിശ്ചിത അളവില്‍ മാത്രമേ ആളുകള്‍ വരാന്‍പാടുള്ളൂ. പുതുതായി വന്നവരില്‍ 65 ഓളം പേര്‍ പോസിറ്റീവായി. സര്‍ക്കാര്‍ പറയുന്നത് കര്‍ശനമായി ജനങ്ങള്‍ അനുസരിക്കണം.കേരളത്തിലെ മരണം കുറച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനിലിരിക്കമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.