റിയോഡി ജനീറോ- രാജ്യത്ത് കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ ബ്രസീൽ ആരോഗ്യമന്ത്രി നെൽസൺ ടെയിക് രാജി വച്ചു. കോവിഡ് ബാധിച്ച് 14000 പേരാണ് ബ്രസീലിൽ മരിച്ചത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ടെയിക്കിന്റെ രാജി. ഒരുമാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് പുറത്ത് പോവുന്നത്. മഹാമാരി തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പേരിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുമായി ഉടലെടുത്ത അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. 'ജീവിതം തിരഞ്ഞെടുപ്പുകളുടെയാണ്,, ഇന്ന് പോവാൻ തീരുമാനിച്ചു. ദുഷ്‌കരമായ ഇത്തരമൊരു കാലയളവിൽ ഇതുപോലുള്ള ഒരു മന്ത്രാലയത്തെ മുന്നിൽ നിന്ന് നയിക്കുക എന്നത് നിൽക്കുന്നത് എളുപ്പമല്ല.' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
പകർച്ചവ്യാധിയോടുള്ള ബ്രസീൽ പ്രസിഡന്റ് ബോൾസോനാരോയുടെ മനോഭാവത്തെ ആഭ്യന്തരവും അന്തർദേശീയവുമായി വ്യാപകമായി അപലപിക്കപ്പെടുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രോഗവ്യാപനം ബ്രസീലിൽ മാരകമായ പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് നിരവധി തെളിവുകൾ നിരത്തപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെയാണ് തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബോൾസോനാരോ മുന്നോട്ടു പോകുന്നത്.