ന്യൂദല്‍ഹി-ഇന്ത്യയുടെ ആവശ്യമനുസരിച്ച് 22 തീവ്രവാദി നേതാക്കളെ മ്യാന്മര്‍ കൈമാറി.
കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിഘടന വാദ സംഘടനകളുടെ നേതാക്കളെയാണ് മ്യാന്മര്‍ കൈമാറിയത്.
എന്‍.എഫ്.ഡി.ബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെന്‍ ഡെയ്മറിയും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇതോടെ,ഇന്ത്യ വടക്ക് കിഴക്കന്‍ മേഖലയിലെ സമാധാന ശ്രമങ്ങളില്‍ ഒരു ചുവട്വെയ്പ്പ് കൂടി നടത്തിയിരിക്കുകയാണ്.
1600 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയിലെ കൊടും വനത്തിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നത്. ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചതിനു ശേഷം മ്യാന്മര്‍ അതിര്‍ത്തിയിലെ വനത്തിലേക്ക് മടങ്ങുകയായിരുന്നു ഇവരുടെ രീതി. അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യക്ക് മ്യാന്മര്‍ നല്‍കിയിരുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച വിഘടന വാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യ
മ്യാന്മര്‍ പിന്തുണയോടെ ആക്രമിച്ചിരുന്നു. 2015 ല്‍ ഇന്ത്യയുടെ കമാന്‍ഡോകള്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തി ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് മ്യാന്മര്‍ പിന്തുണയോടെയാണ്.ഇന്ത്യ കൃത്യമായ വിവരം നല്‍കിയതിനെ തുടര്‍ന്ന് മ്യാന്മര്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ വലയിലായത്. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന കൊടും തീവ്രവാദികളാണ് ഇവര്‍.ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മ്യാന്‍മര്‍ മിലിട്ടറി കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓംഗ് ഹയാംഗും സംയുക്തമായി പ്രവര്‍ത്തിച്ചാണ് തീവ്രവാദികളെ പിടികൂടിയതും ഇന്ത്യക്ക് കൈമാറിയതും.