കണ്ണൂർ- പയ്യന്നൂർ കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ പത്മരാജനെ, രാഷ്ടീയക്കാർ പലവട്ടം തോൽപിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ. എന്നാൽ തോൽവി പുതുമയല്ലാത്ത പത്മരാജൻ ശരിക്കും തോറ്റത് കോവിഡിന് മുന്നിലാണ്. ഇതാണ് തന്റെ ജീവിതത്തിലെ യഥാർഥ തോൽവിയെന്നാണ് പത്മരാജൻ പറയുന്നത്.
തൊഴിൽ കൊണ്ട് ഹോമിയോ ഡോക്ടറാണെങ്കിലും, പൊതു തെരഞ്ഞെടുപ്പുകളിൽ തോൽക്കാനായി മാത്രം മത്സരിക്കുന്നയാളായാണ് പത്മരാജനെ ലോകം അറിയുന്നത്. ഇലക്ഷൻ കിംഗെന്നാണ് മറ്റൊരു പേര്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലൂടെ മൂന്നു തവണ ലിംക ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ടിദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളെന്ന നിലയിലാണ് ഈ നേട്ടം.
കുഞ്ഞിമംഗലം സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി തമിഴ്നാട്ടിലെ സേലത്താണ് താമസം. ആറു വയസു മുതൽ സേലത്തു കഴിയുന്ന ഇദ്ദേഹം വർഷത്തിൽ ഒരിക്കലാണ് ജന്മനാടായ കുഞ്ഞിമംഗലത്തെ തറവാട്ടിൽ എത്താറുള്ളത്. എന്നാൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ കോവിഡ് തോൽപിച്ചു. മാർച്ച് 17 ന് കുഞ്ഞിമംഗലത്തെത്തിയ പത്മരാജന് ഇനിയും സേലത്തേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. അമ്പത്തെട്ടു ദിവസങ്ങളായി ഇദ്ദേഹം ഇവിടെ കഴിയുകയാണ്.
സേലത്തെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ് തന്റെ ജൈത്രയാത്ര തുടങ്ങിയ പത്മരാജൻ, ഇപ്പോഴും ഇത് അവസാനിപ്പിച്ചിട്ടില്ല. ഇതിനകം 214 പേർക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. വി.ഐ.പി മണ്ഡലങ്ങളിൽ മത്സരിക്കുകയെന്ന തീരുമാനത്തിലേക്ക് മാറിയതോടെ, രാജീവ് ഗാന്ധി, കെ.ആർ.നാരായണൻ, പി.വി.നരസിംഹറാവു, സോണിയാ ഗാന്ധി, നരേന്ദ്ര മോഡി, ജയലളിത തുടങ്ങി നൂറുകണക്കിന് വി.ഐ.പികളോട് പത്മരാജൻ മത്സരിച്ചു തോറ്റു. ഇത് റെക്കോർഡാണ്. മറ്റൊരു കൗതുകം ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും കെട്ടിവെച്ച തുക തിരികെ ലഭിച്ചില്ലെന്നതാണ്. ഇതിനകം 25 ലക്ഷത്തിലധികം രൂപ ഈയിനത്തിൽ നഷ്ടപ്പെട്ടു. കർണാടകയിലെ രാജ്യസഭാ എം.പി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഏറ്റവും അവസാനം മത്സരിച്ചത്. ലക്ഷങ്ങൾ ഇതിനകം നഷ്ടമായെങ്കിലും പത്മരാജന്റെ തെരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവു വന്നിട്ടില്ല. മഹാരാഷ്ട്രയിൽ എം.എൽ.സി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോവിഡിനെത്തുടർന്നുള്ള ലോക്ഡൗൺ, ഈ ആഗ്രഹത്തിനു മേൽ കരിനിഴൽ വീഴ്ത്തി. ലോക്ഡൗൺ കാലത്ത് കുഞ്ഞിമംഗലത്തെ തറവാട്ടിൽ കൃഷിപ്പണിയിൽ സജീവമാകുകയാണ്. തേങ്ങ പൊതിച്ചും, പശുക്കളെ പരിപാലിച്ചും, നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തിയും യഥാർഥ കർഷകനായി മാറിയിരിക്കുകയാണിദ്ദേഹം. സേലത്ത് ടയർ കമ്പനികളടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുള്ള ഇദ്ദേഹം ജന്മനാട്ടിന്റെ സൗഭാഗ്യങ്ങൾ ഒന്നൊന്നായി അനുഭവിക്കുകയാണ്.