Sorry, you need to enable JavaScript to visit this website.

നാട്ടിലേക്കു മടക്കം: അനർഹരായവർ മുൻഗണനാ ലിസ്റ്റിൽ ഇടം പിടിക്കുന്നതായി പരാതി

ദമാം- കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ രോഗികളും ഗർഭിണികളുമായ നിരവധിയാളുകൾ നാട്ടിലേക്ക് മടങ്ങാനിരിക്കെ അനർഹരായവർ നാട്ടിലേക്ക് മടങ്ങുന്നതിനു ഇന്ത്യൻ എംബസി രജിസ്റ്ററിൽ മുൻഗണനാ ലിസ്റ്റിൽ ഇടം പിടിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ദമാമിൽ നിന്നും കൊച്ചിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തവരിൽ ഒട്ടേറെ പേർ യോഗ്യതാ ലിസ്റ്റിൽ പരിഗണിക്കേണ്ടവരെല്ലെന്നാണ് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ പറയുന്നത്. ജോലി ചെയ്യുന്ന കമ്പനിയിൽനിന്നും എക്‌സിറ്റ് നേടിയവരായ ചിലർ നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്കാവട്ടെ എക്‌സിറ്റ് വിസാ കാലാവധി കഴിയാൻ ഒരു മാസത്തോളം ബാക്കിയുള്ളവരാണ്. നൂറുകണക്കിന് ഗർഭിണികൾ രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോഴാണ് ആരോഗ്യകരമായ പ്രശ്‌നങ്ങൾ ഇല്ലാത്ത ഇക്കൂട്ടർ നാട്ടിലേക്കു മടങ്ങിയത്. ഇതിനു സമാനമായി തന്നെ വിസിറ്റിംഗ് വിസയിൽ എത്തിയവരും, വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രയമായവരുമടക്കം നിരവധി ആളുകൾ കാത്തിരിക്കെയാണ്  വിവേചനം കാണിച്ചിരിക്കുന്നത്. നാട്ടിലെത്തിയ ഇതിൽ ചിലരാവട്ടെ സോഷ്യൽ മീഡിയകളിലൂടെയും മറ്റു പല സുഹൃത്തുക്കൾ വഴിയും നാട്ടിലെത്തിയ മാർഗ്ഗങ്ങളെ കുറിച്ച് പരിഹസിക്കുകയും ചെയ്യുന്നു.

കൊല്ലം സ്വദേശികളായ നാല് പേർ വളഞ്ഞ മാർഗത്തിലൂടെ നാട്ടിലെത്തിയത് ഇവിടെയുള്ള അവരുടെ സഹതാമസക്കാർ തന്നെ സാമൂഹ്യ പ്രവർത്തകരുെട ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒരു പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്രാമേധ്യ ബസിൽ നിന്നും പുറത്തിറക്കി അങ്കമാലിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദമാമിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട കോവിഡ് രോഗിയുടെ സഹമുറിയനായ ഇദ്ദേഹം ഇക്കാര്യം മറച്ചുവെച്ചാണ് വിമാനത്തിൽ പോയതെന്നാണ് അറിയുന്നത്. ചില ഉന്നതരുടെ ശുപാർശയെ തുടർന്നാണ് യാത്രക്ക് അവസരമൊരുങ്ങിയതെന്നും പറയപ്പെടുന്നു.
എംബസിയിലെ പ്രമുഖ ഉദ്യോഗസ്ഥരുടെ അറിവോടെയല്ല ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഉന്നത പിടിപാടുള്ള ചിലയാളുകൾ ഇതിനു വഴിയൊരുക്കുന്നു എന്ന ആക്ഷേപമാണ് നില നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഗർഭിണികളടക്കം അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ തുടർച്ചയായി എംബസി ഹെൽപ് ലൈൻ നമ്പറുകളിലും മെയിലുകളിലും ബന്ധപ്പെട്ടിരുന്നുവെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെടുന്നു. നിരവധി സ്ത്രീകളാണ് നിലവിളിച്ചു കൊണ്ട് പൊതു പ്രവർത്തകരെ വിളിച്ചുകൊണ്ടിരിക്കുന്നത്.

ആരോഗ്യമേഖലയിൽ തന്നെ ഇവിടെ പ്രവർത്തിക്കുന്ന സ്ത്രീകൾ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ശ്രമങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നെങ്കിലും വിജയിച്ചില്ല. ഇവർക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അവരെ കൂടുതൽ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുകയാണ്.  ഇവരുടെ ഭർത്താക്കന്മാരും മറ്റു കുടുംബങ്ങളും നാട്ടിലായതിനാൽ സഹായത്തിനു പോലും ആരുമില്ലാതെ ബുദ്ധിമുട്ടുകയാണിവർ. 
കഴിഞ്ഞ ദിവസം രണ്ടു കൈക്കുഞ്ഞുങ്ങളുമായി നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ സ്ത്രീ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് തന്നെ പേറ്റ് നോവ് അനുഭവപ്പെടുകയും വീട്ടിലേക്കുള്ള വഴിമധ്യേ ഉടനെ ആശുപത്രിയിൽ എത്തിച്ചു പ്രസവിക്കുകയും ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകരുടെ ശ്രമകരമായി അവസാന ഘട്ടത്തിലാണ് ഈ സ്ത്രീക്ക് യാത്രാനുമതി ലഭിച്ചത്. 


ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങുന്നതിനു ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ടെങ്കിലും കൃത്യമായ രേഖയോ രജിസ്‌ട്രേഷൻ നമ്പറോ തിരിച്ചു നൽകാത്തതിനാൽ ഇത് പൂർണമായോ എന്ന സംശയത്തിൽ കഴിയുന്നവരും നിരവധിയാണ്. ചിലരാവട്ടെ തുടരെ വീണ്ടും രജിസ്റ്റർ ചെയ്യുന്നുമുണ്ട്. മുൻഗണനാ മാനദണ്ഡം വെച്ച് കാത്തിരിക്കുന്ന നൂറു കണക്കിന് ആളുകളെ ഇത് വരെ എംബസി അധികൃതർ ഒന്ന് വിളിച്ചിട്ട് പോലുമില്ല എന്ന പരാതിയും ധാരാളമാണ്. അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ ചില രാഷ്ട്രീയ ഇടപെടലുകളും നടക്കുന്നതായും സാമൂഹ്യ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കിലോ മീറ്ററുകൾക്കകലെയുള്ള ഗർഭിണികളും അവശത അനുഭവിക്കുന്നവരും, മാനസിക വിഭ്രാന്തിയുള്ളവരും വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങേണ്ടവരും നിരവധിയുള്ളതായും ഇവരെയൊന്നും ലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. രാജ്യത്തെ പ്രധാന എയർപോർട്ടുകളിൽ എത്തുന്നതിനുള്ള യാത്രാ ബുദ്ധിമുട്ടുകളാണ് ഇതിനു കാരണമായി പറയുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടാൽ യാത്രക്കായി ഏതു വിധേനയെങ്കിലും എയർപോർട്ടുകളിൽ എത്തിക്കുമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്. രജിസ്‌ട്രേഷൻ തുടങ്ങി ഇത്രയേറെ ദിവസമായിട്ടും യാത്രക്ക് ഒരു ദിവസം മുൻപാണ് എംബസിയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതെന്നും ഇതുമൂലം വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും  സാമൂഹ്യ പ്രവർത്തകർ പറയുന്നു.    
 

Latest News