ബംഗളൂരു- കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ കോവിഡ് രോഗി മരിച്ചു. 60 കാരനായ ആന്ധ്രാപ്രദേശ് സ്വദേശിയാണ് ബംഗളൂരുവില്‍ മരണപ്പെട്ടത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിക്ക് ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ഡോകടര്‍മാര്‍ പറയുന്നു. മെയ് 11 നാണ് ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പിക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നല്‍കിയതോടെ സംസ്ഥാനത്തെ ആദ്യ പരീക്ഷണമായിരുന്നു ഇത്.
കോവിഡിനൊപ്പം ന്യുമോണിയയും സെപ്റ്റിസീമിയയും ബാധിച്ച രോഗിയില്‍ മെയ് 11 നാണ് ഞങ്ങൾ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്. 48 മണിക്കൂർ കാത്തിരുന്നു. ബുധനാഴ്ച വൈകുന്നേരം വരെ രോഗി സുഖമായിരിക്കുകയും രക്തത്തില്‍ ഓക്സിജൻ സാച്ചുറേഷൻ അളവ് മെച്ചപ്പെടുകയും ചെയ്തു. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ അദ്ദേഹം മരണപ്പെട്ടു. ബാംഗ്ലൂർ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കം-ഡീൻ ഡോ. സി ആർ ജയന്തി വ്യക്തമാക്കി. 'ഞങ്ങൾ ഇത് ഒരു തവണ മാത്രമേ പരീക്ഷിച്ചുള്ളൂ, അതിനെ പരാജയമെന്ന് വിളിക്കാൻ കഴിയില്ല.' പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഡോക്ടര്‍ പ്രതികരിച്ചു.