മുംബൈ- സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ രണ്ടാഴചത്തേക്ക് കൂടി നീട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍. തീവ്ര രോഗബാധിത പ്രദേശങ്ങളായ മുംബൈ, പൂനെ, മലേഗാവ്. ഔറംഗബാദ്, സോളാപൂര്‍ തുടങ്ങിയ ഇടങ്ങളില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 998 കേസുകള്‍ മുംബൈയില്‍നിന്നുള്ളതാണ്. 25,922 പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ 16000 ല്‍ അധികം കേസുകള്‍ മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധകാരണം 1,019 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.