അഹമ്മദാബാദ്- ഗുജറാത്തിലെ നര്‍മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 1961-ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നിര്‍വഹിച്ച അണക്കെട്ടു നിര്‍മ്മാണം 56 വര്‍ഷത്തിനു ശേഷമാണ് ഉല്‍ഘാടനം ചെയ്യുന്നത്. നര്‍മദ ആരതിയും പ്രാര്‍ത്ഥനകളും അടങ്ങിയതായിരുന്നു ഉല്‍ഘാടന ചടങ്ങ്. മോഡിയുടെ 67-ാം പിറന്നാള്‍ ദിവസത്തില്‍ വന്‍ ആരവങ്ങളോടെയാണ് കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവുരം മത നേതാക്കളും പുരോഹിതരും പങ്കെടുത്തു. രാവിലെ തന്റെ മതാവിനെ സന്ദര്‍ശിച്ച ശേഷമാണ് മോഡി പരിപാടിക്കെത്തിയത്.
ഗുജറാത്തിലെ സാധ ബേട്ടില്‍ പണിപുരോഗമിക്കുന്ന സ്റ്റാചു ഓഫ് യുണിറ്റി എന്നു പേരിട്ടിരിക്കുന്ന 182 മീറ്റര്‍ ഉയരത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയും മോഡി സന്ദര്‍ശിക്കും. ദഭോയില്‍ നടക്കുന്ന നര്‍മദ മഹോത്സവത്തിന്റെ സമാനപന ചടങ്ങിലും മോഡിയുടെ സാന്നിധ്യമുണ്ടാകും. 1.5 ലക്ഷം പേരാണ് ഈ പരിപാടിക്കെത്തുക.
മാസങ്ങള്‍ക്കം തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ മറ്റു പൊതുപരിപാടികളിലും പ്രധാന മന്ത്രി പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അനൗദ്യോഗിക തുടക്കമായാണ് ഈ പരിപാടികളെ വിലയിരുത്തുന്നത്.
നര്‍മദാ നദിയില്‍ നവഗാമിനു സമീപമാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ 121.92 മീറ്ററായിരുന്ന ഇത് ഇപ്പോള്‍ 138 മീറ്റര്‍ ഉയരമുണ്ട്. ജലസംഭരണ ശേഷി 40.73 ലക്ഷം ക്യൂബിക് മീറ്റര്‍. 450 ടണ്‍ ഭാരമുള്ള 30 ഷട്ടറുകളുള്ള ഡാമിന്റെ നീളം 1.2 കിലോമീറ്ററാമ്. ഷട്ടര്‍ പൂര്‍ണമായും തുറക്കാന്‍ ഒരു മണിക്കൂറെടുക്കും. 1200 മെഗാവാട്ട്, 250 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്.
അതിനിടെ വര്‍ഷങ്ങളായി അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന സാമൂഹി പ്രവര്‍ത്തക മേധാ പട്കറുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ ഛോട്ടാ ബര്‍ദ ഗ്രാമത്തില്‍ ജലസത്യഗ്രഹ സമരം തുടങ്ങിയിട്ടുണ്ട്. നര്‍മദ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ പൂര്‍ണമായും വെള്ളത്തിലാകുന്ന 192 ഗ്രാമങ്ങളിലൊന്നാണിത്. ഗ്രാമീണരുടെ പുനരധിവാസം പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അണക്കെട്ടിന്‍രെ സംഭരണ ശേഷി കൂട്ടിയെന്നാണ് ഇവരുടെ ആരോപണം. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചന സൗകര്യം കിട്ടുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. അണക്കെട്ടിന്റെ പേരില്‍ ബിജെപി നുണപ്രചരണം നടത്തുകയാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. 43,000 കിലോമീറ്റര്‍ കനാലുകളില്‍ 18,000 കിലോമീറ്ററെ പൂര്‍ത്തിയായിട്ടുള്ളൂവെന്നതിനാല്‍ എട്ടു ലക്ഷം ഹെക്ടറില്‍ മാത്രമെ വെള്ളമെത്തൂവെന്ന് കോണ്‍ഗ്രസ് പറയുന്നു. ഡാമില്‍ നിന്നും ജലം വന്‍തോതില്‍ വ്യവസായങ്ങള്‍ക്കായി മറിച്ചു വില്‍ക്കുന്നതായും ആരോപണമുണ്ട്.