റിയാദ് - അനധികൃത രീതിയിൽ മൊബൈൽ ഫോൺ സിം കാർഡ് വിൽപന മേഖലയിൽ പ്രവർത്തിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. 30 മുതൽ 40 വരെ വയസ്സ് പ്രായമുള്ള അഞ്ചു ബംഗ്ലാദേശുകാരാണ് പിടിയിലായത്. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകളാണ് സംഘം വിൽപന നടത്തിയിരുന്നത്.
നഗരമധ്യത്തിലെ ബത്ഹയിൽ ആക്‌സസറീസും കളിക്കോപ്പുകളും വിൽപന നടത്തുന്ന രണ്ടു വ്യാപാര സ്ഥാപനങ്ങളിലെ ജോലി മുതലെടുത്താണ് ഇവർ അനധികൃതമായി സിം കാർഡ് വിൽപന മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വിവിധ കമ്പനികളുടെ പേരിലുള്ള 573 സിം കാർഡുകളും 1,133 റീചാർജ് കൂപ്പണുകളും 1,40,000 റിയാലും ബംഗാളികളുടെ പക്കൽ കണ്ടെത്തി. നിയമ ലംഘകർക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായി മുഴുവൻ നിയമാനുസൃത നടപടികളും പോലീസ് പൂർത്തിയാക്കിയതായും കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു.
സമാന കേസിൽ രണ്ടു ദിവസം മുമ്പ് ദക്ഷിണ റിയാദിലെ അസീസിയ ഡിസ്ട്രിക്ടിൽനിന്ന് മറ്റൊരു ബംഗാളി സംഘത്തെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമസസ്ഥലം റെയ്ഡ് ചെയ്താണ് നിയമ ലംഘകരെ പോലീസ് പിടികൂടിയത്. വിവിധ കമ്പനികളുടെ പേരിലുള്ള 4,548 സിം കാർഡുകളും 119 മൊബൈൽ ഫോണുകളും 15 വിരലടയാള റീഡിംഗ് ഉപകരണങ്ങളും പേപ്പറുകളിൽ പതിച്ച, അജ്ഞാത ആളുകളുടെ വിരലടയാളങ്ങളുടെ വൻ ശേഖരവും തിരിച്ചറിയൽ കാർഡ് കോപ്പികളും ലാപ്‌ടോപ്പുകളും പ്രിന്ററുകളും സംഘത്തിന്റെ താവളത്തിൽ കണ്ടെത്തിയിരുന്നു.