ദുബായ്- ഒടുവില്‍ വിജയകുമാറിന്റെ വിലാപം അധികാരികളുടെ ചെവിയിലെത്തി. മോര്‍ച്ചറിയില്‍ അനക്കമറ്റ് കിടക്കുന്ന പ്രിയതമയെ അവസാനമായൊന്നു കാണാന്‍ വിജയകുമാര്‍ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.
ഭാര്യ മരിച്ചതറിഞ്ഞ് നാട്ടില്‍ പോകാന്‍ ശ്രമിച്ച് നടക്കാതെ വന്നപ്പോള്‍ വിമാനത്താവളത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ വിജയകുമാറിന്റെ ചിത്രം പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി മാറിയിരുന്നു. വിജയകുമാറിനായി യു.എ.ഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപള്ളി നടത്തിയ നിരന്തര ശ്രമമാണ് ഒടുവില്‍ അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. ശനിയാഴ്ച വൈകിട്ടുള്ള കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ വിജയകുമാര്‍ യാത്ര തിരിക്കും.
പ്രായമായ അമ്മ മാത്രമാണ് പാലക്കാട് കൊല്ലങ്കോട്ടെ വീട്ടിലുള്ളത്. ഹൃദയാഘാതംമൂലം മരിച്ച ഭാര്യ ഗീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മരണം അല്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.
എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കണമെന്നപേക്ഷിച്ച് ഇദ്ദേഹം എംബസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുന്നിടത്ത് വിജയകുമാറിനെ ആദ്യഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. തനിക്ക് വേണ്ടി ആരെങ്കിലും മാറിത്തരുമോ എന്ന് പോലും ഗതികേട്‌കൊണ്ട് ഈ അമ്പതു വയസ്സുകാരന് യാചിക്കേണ്ടിവന്നു.
കണ്ണൂരിലേക്കുള്ള വിമാനത്തില്‍ ഒരു സീറ്റ് ഇദ്ദേഹത്തിന് വേണ്ടി ആരെങ്കിലും നല്‍കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം യാത്രക്കാരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ആരും മാറികൊടുക്കാന്‍ തയാറായില്ല. അധികൃതരില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഒടുവില്‍ ശനിയാഴ്ച യാത്ര തരമായത്.
യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനും, ഇന്‍കാസ് ഭാരവാഹിയുമായ അഡ്വ.ടി.കെ ഹാഷികാണ് വിജയകുമാറിനുള്ള ടിക്കറ്റെടുത്തു നല്‍കിയത്.