Sorry, you need to enable JavaScript to visit this website.

കറന്റ് അക്കൗണ്ട് കമ്മി കുത്തനെ കൂടി; ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയുടെ നിഴലില്‍

ന്യുദല്‍ഹി- റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി നാലു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂണ്‍-ഏപ്രില്‍ പാദത്തില്‍ 14.3 ശതകോടി ഡോളറാണിത്. അതായത് ജിഡിപിയുടെ 2.4 ശതമാനം. തൊട്ടു മുമ്പത്തെ പാദത്തില്‍ 3.4 ശതകോടി ഡോളര്‍ മാത്രമായിരുന്നു ഇത്. രാജ്യം കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും മൂല്യത്തിലുള്ള വ്യത്യാസത്തേയാണ് കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി) എന്നു പറയുന്നത്. പുതിയ കണക്കുകള്‍ പ്രകാരം കയറ്റുമതിക്കും ഇറക്കുമതിക്കുമിടയിലെ വിടവ് വളരെ വര്‍ധിച്ചിരിക്കുന്നു.

 

കയറ്റുമതിയേയും വളര്‍ച്ചയേയും സഹായിക്കുകയും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ പിന്തുണക്കുകയും ചെയ്യുന്ന ഇറക്കുമതികളെ തുടര്‍ന്നാണ് സിഎഡി വര്‍ധിക്കുന്നതെങ്കില്‍ അത് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ താഴെ കറന്റ് അക്കൗണ്ട് കമ്മി പോകുന്നത് സുസ്ഥിരാവസ്ഥയായി തന്നെയാണ് കണക്കാക്കിപ്പോരുന്നത്. ഇതു പരിഗണിക്കുമ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമെന്ന് പുതിയ സിഎഡി ആശങ്കയുണ്ടാക്കുന്നില്ല. 

 

എന്നാല്‍ വളരെ ചുരുങ്ങിയ കാലയളവില്‍ ഇത്രവലിയ വിടവ് ഉണ്ടാക്കിയ കാരണങ്ങള്‍ക്ക് സമയം പാഴാക്കാതെ അടിയന്തിര പരിഹാരമാര്‍ഗങ്ങള്‍ വേണ്ടിവരുമെന്ന്് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കയറ്റുമതിയേക്കാള്‍ വേഗത്തില്‍ ഇറക്കുമതി ഉയര്‍ന്നതാണ് കറന്റ് അക്കൗണ്ട് കമ്മിയിലെ ഇപ്പോഴത്തെ കുതിച്ചുകയറ്റത്തിനിടയാക്കിയത്. സ്വര്‍ണ ഇറക്കുമതിയിലുണ്ടായ വര്‍ധനയാണ് ഇതിനു കാരണം. ഒരു പരിധിവരെ ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഇതിനു കാരണമായി. 

 

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് പൊതുവെ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഉയര്‍ന്ന തോതിലെത്തുന്നത്. പ്‌ത്യേകിച്ച ഉത്സവ സീസണുകളില്‍. എന്നാല്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പറയുന്നത് സ്വര്‍ണ ഡിമാന്‍ഡ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ 30 ശതമാനം വര്‍ധിച്ചു 298 ടണിലെത്തി. ഇറക്കുമതി അതിലേറെ വേഗത്തില്‍ കൂടി ഇരട്ടിയിലേറെയായി 518.6 ടണ്ണിലെത്തി. ജിഎസ്ടിയിലെ പഴുതുകള്‍ ഉപയോഗിച്ച് ജൂലൈയിലും ഓഗസ്റ്റിലും സ്വര്‍ണ ഇറക്കുമതി ഉയര്‍ന്ന തോതില്‍ തന്നെ തുടര്‍ന്നത് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നു.

 

ഇതൊരു ഭീഷണിയാവില്ലെന്നായിരുന്നു ഒരു മുതിര്‍ന്ന വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഏപ്രിലില്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇതു നിരീക്ഷിച്ചു വരികയാണെന്നും അനുയോജ്യമായ സമയത്ത് നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ല എന്നാണ്. 

 

വളര്‍ച്ച മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയും ഉയരുന്ന കറന്റ് അക്കൗണ്ട് കമ്മിയും രാജ്യത്തെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നതാണ്. വളര്‍ച്ചയിലെ മാന്ദ്യം വിദേശ മൂലധനത്തിന്റെ ഒഴുക്ക് നിരുത്സാഹപ്പെടുത്തുമ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി പണപ്പെരുപ്പത്തിനിടയാക്കുകയും രാജ്യത്തിന്റെ കയറ്റുമതി മത്സരക്ഷമതയ്ക്ക് ക്ഷതമേല്‍പ്പിക്കുകും ചെയ്യും. ഈ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തുണ്ടായതിനു സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും കാര്യങ്ങള്‍ എത്തിച്ചേരുക.   

 

 

 

 

 

 

Latest News