Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജോലി ചെയ്യുന്ന കബീറിന് കളമശ്ശേരിയില്‍നിന്ന് സന്തോഷ വാര്‍ത്ത

കളമശ്ശേരി- ദമാമില്‍നിന്ന് കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയ യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കൊല്ലം സ്വദേശിനി ഷാഹിനയാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിലൂടെയാണ് ഷാഹിന ജന്മനാട്ടിലെത്തിയത്.
പൂര്‍ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭര്‍ത്താവ് അഹമ്മദ് കബീര്‍ സൗദി അറേബ്യയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുകയാണ്.
വിമാനത്താവളത്തില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ ഷാഹിനയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ശസ്ത്രക്രിയ അനിവാര്യായതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തില്‍ ഡോ. അഞ്ജു വിശ്വനാഥ്, ഡോ. അനില്‍കുമാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന. കഴിഞ്ഞ ദിവസം നേവി കപ്പലില്‍  മാലിദ്വീപില്‍ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു.

 

 

Latest News