ന്യൂദൽഹി- ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ടിക്കറ്റ് ചാർജ് തിരികെ നൽകും. എന്നാൽ കുടിയേറ്റ തൊഴിലാളികളെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനും സ്‌പെഷ്യൽ ട്രെയിനും സർവീസ് തുടരും. ശ്രമിക് ട്രെയിനിൽ പോകാനെത്തിയവർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നൽകും. ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളിൽ മൂന്ന് സ്‌റ്റോപ്പുകൾ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ സ്‌റ്റോപ്പ് ഉണ്ടാവൂ. മൂന്നാം ഘട്ട ലോക്ഡൗൺ മേയ് 17ന് അവസാനിക്കുകയാണ്. മേയ് 17ന് ശേഷവും പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. കഴിഞ്ഞമാസം 94 ലക്ഷം ടിക്കറ്റുകൾ കാൻസൽ ചെയത് 1490 കോടി രൂപ റെയിൽവേ തിരികെ നൽകിയിരുന്നു. മാർച്ച് 22 നും ഏപ്രിൽ 14നും ഇടയിലെ ടിക്കറ്റ് റദ്ദാക്കിയതിലൂടെ 830 കോടി രൂപ കൂടി റെയിൽവേ തിരിച്ചുനൽകും. മാർച്ച് 22 മുതലാണ് ഇന്ത്യൻ റെയിൽവേ സർവീസ് നിർത്തിയത്.