ന്യൂദല്‍ഹി-കറുത്തകോട്ടിന് താത്കാലികമായി വിട നല്‍കി സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ഇനി പുതിയ ഡ്രസ് കോഡ്. അഭിഭാഷകര്‍ കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് കോടതിയുടെ നിര്‍ദ്ദേശം. കോവിഡ് 19 ഭീഷണി അവസാനിക്കുന്നതു വരെ മാത്രമായിരിക്കും ഈമാറ്റം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷര്‍ട്ട്, വെള്ള സല്‍വാര്‍ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അഭിഭാഷകര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുവേണം കോടതിയില്‍ ഹാജരാകാന്‍ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. കറുത്ത കോട്ടും ഗൗണും ശുചിയായി സൂക്ഷിക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ ഈ വസ്ത്രങ്ങള്‍ അണിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട കോടതിമുറികളില്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ ജഡ്ജിമാര്‍ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേള്‍ക്കുക. അഭിഭാഷകര്‍ അവരവരുടെ ചേംബറുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം നടത്തിയാല്‍ മതിയാകും.