ദുബായ് - രോഗബാധിതരും തൊഴില്‍ നഷ്ടപ്പെട്ടവരുമടക്കം നൂറുകണക്കിന് ആളുകള്‍ കാത്തിരിക്കെ, ദുബായില്‍നിന്ന് കൊച്ചിയിലേക്ക് പോയ വന്ദേഭാരത് വിമാനത്തില്‍ ബി.ആര്‍. ഷെട്ടിയുടെ ഉദ്യോഗസ്ഥനും കുടുംബവും സ്ഥലംപിടിച്ചത് വിവാദമായി.
ഷെട്ടിയുടെ എന്‍.എം.സി ഹെല്‍ത് കെയറിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും ഭാര്യയും മൂന്നുമക്കളും ജോലിക്കാരിയുമാണു ഈ വിമാനത്തില്‍ നാട്ടിലെത്തിയത്. ഗുരുതര രോഗത്തിന് ചികിത്സിക്കാനെന്ന കാരണം പറഞ്ഞാണ് ഇവര്‍ പോയത്. കടക്കെണിയിലായ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ യു.എ.ഇ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയും നടപടികള്‍ തുടരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇവര്‍ നാടുവിട്ടത്.
ഉന്നത കേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടാണ് ഈ സംഭവമെന്നാണ് വിവരം. അതേസമയം രജിസ്‌ട്രേഷന്‍ അനുസരിച്ചാണ് വിമാനത്തില്‍ സീറ്റ് അനുവദിച്ചതെന്നാണ് എംബസി പറയുന്നത്.
അര്‍ഹരായ പലര്‍ക്കും യാത്രാനുമതി നിഷേധിക്കപ്പെടുമ്പോള്‍ ഒരു കുടുംബത്തിലെ 5 പേരും ജോലിക്കാരിയും പോയതാണ് വിവാദം.
പിതാവിനു ഗുരുതര രോഗം എന്നു കാണിച്ചാണ് എംബസിയില്‍ റജിസ്‌ട്രേഷന്‍ നടത്തിയതെന്ന് അറിയുന്നു. എന്നാല്‍, ഇതെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സുരേഷ് കൃഷ്ണമൂര്‍ത്തി തയാറായിട്ടുമില്ല.
മരണം, ഗുരുതരരോഗം, അടിയന്തര ചികിത്സ തുടങ്ങിയ കാരണങ്ങള്‍ കാട്ടിയാണു പലരും നാട്ടിലേക്കു മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മറ്റുസാക്ഷ്യപത്രങ്ങളൊന്നും സമര്‍പ്പിക്കേണ്ടതില്ല എന്നതും നിജസ്ഥിതി അറിയാന്‍ പരിശോധനയില്ലാത്തതും ചിലര്‍ മറയാക്കുന്നു.