ന്യൂദല്‍ഹി- അറിവില്ലായ്മയുടെ തടവിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായി പി. ചിദംബരം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനങ്ങളില്‍ അസംതൃപ്തരാണ്. ഈ അവസരത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കുകയാണ് വേണ്ടത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാനുള്ള അനുമതിയും നല്‍കണം. ഈ സര്‍ക്കാര്‍ അവരുടെ തന്നെ ഭയത്തിന്റെയും അറിവില്ലായ്മയുടെയും തടവിലാണെന്നും ചിദംബരം പ്രതികരിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തലക്കെട്ടും ഒഴിഞ്ഞ താളും മാത്രമാണെന്ന് ചിദംബരം കഴിഞ്ഞ ദിവസവും വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ധനമന്ത്രി വിശദീകരിക്കുകയും ചെയ്ത് സാമ്പത്തിക പാക്കേജില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പാവങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെയില്ല. പട്ടിണിയിലും ദുരിതത്തിലും റോഡിലിറങ്ങിയ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചു പരാമര്‍ശം പോലുമില്ല. പ്രതിദിനം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് നേര്‍ക്കുള്ള ക്രൂരതയാണിത്. രാജ്യത്തെ താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിക്കുന്നതിനുള്ള ഒരു മാര്‍ഗവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ധനമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ ചിദംബരം കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത മോഡി സര്‍ക്കാരിന്റെ പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലനില്‍പിന് വേണ്ടി പോരാടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് വേണ്ട ഒന്നും തന്നെ അതിലില്ല. വിശപ്പും പട്ടിണിയും കൊണ്ട് റോഡില്‍ അലഞ്ഞ് നടന്നു നീങ്ങുന്നവര്‍ക്ക് ആശ്വാസത്തിനായി ഇതിലൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യേക സാമ്പത്തിക പാക്കേജ് വട്ടപ്പൂജ്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.