കോഴിക്കോട്-മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അശ്ലീലവാക്കുകള്‍ പോസറ്റ് ചെയ്തതിന് യുവാവിനെതിരേ കേസ്. ബേപ്പൂര്‍ സ്വദേശിയാണ് ഇയാള്‍. മൂഴിക്കലില്‍ താമസിക്കുന്ന അസ്താബ് അന്‍വറി(26)നെതിരേയാണ് കേസ്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് യുവാവിനെതിരേ നടപടി എടുത്തിരിക്കുന്നത്. തുടര്‍ന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന് പരാതി കൈമാറി. ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. അബുദാബിയിലാണ് യുവാവ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു.അബുദാബിയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനിയറാണ്. കഴിഞ്ഞ ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ മേല്‍വിലാസം കണ്ടെത്തുകയായിരുന്നു.