ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇതനുസരിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ നവംബർ 30 വരെ സമയം നീട്ടിനൽകും. ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്പ കാലാവധി നാലുവർഷമാണ്. ഇതിന് ഈട് ആവശ്യമില്ല. തിരിച്ചടവിന് ഒരുവർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ നൽകുക. ഇതുകൊണ്ട് നാൽപ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് ലാഭമുണ്ടാക്കും.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിൽ കൂടുതൽ മൂലധനം നൽകും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവർക്കും തകർച്ചയിലായവർക്കും ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
72.22ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും. 6750കോടി ഇതിനായി മാറ്റിവയ്ക്കും. 15,000 രൂപയിൽ താഴെ വരുമാനമുള്ള നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ളിടത്ത് പി എഫ് വിഹിതം പത്തു ശതമാനമായി കുറച്ചു.
3.6ലക്ഷം സ്ഥാപനങ്ങൾക്ക് 2500കോടിയുടെ ധനലഭ്യത ഉറപ്പാക്കും. 200കോടിവരെയുള്ള സർക്കാർ കരാറുകൾക്ക് ആഗോള ടെന്റർ ക്ഷണിക്കില്ല. സർക്കാർ കരാറുകൾ തീർക്കാൻ ആറുമാസം കൂടി സമയം നീട്ടി നൽകും. 2020 മാർച്ച് 25നോ അതിനു മുൻപോ കാലാവധി അസാനിക്കേണ്ടിയിരുന്ന എല്ലാ രജിസ്റ്റേർഡ് പദ്ധതികളുടെയും രഡിസ്ട്രേഷനും പൂർത്തീകകണ കാലാവധിയും ആറുമാസം കൂടി നീട്ടി നൽകും. സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ശക്തമായ തുടർച്ചയുണ്ടാകും. സമ്പദ്ഘടനയിൽ വരുത്തിയ മാറ്റങ്ങൾ രാജ്യത്തെ ശക്തിപ്പെടുത്തി. പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയുള്ള പദ്ധതികൾ വിജയമായിരുന്നു. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന വഴി നാൽപ്പത്തിയൊന്ന് കോടി ജനങ്ങൾക്ക് 52606കോടി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.