തിരുവനന്തപുരം- കേരളത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ ഈ മാസം 26 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഈ മാസം 26 മുതൽ 30 വരെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയും നടത്തും. ഇതിനായി ടൈംടേബിൾ തയാറാക്കി. മന്ത്രിസഭായോഗം ഈ വിഷയം ചർച്ച ചെയ്യും. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടാകും.
ഇന്നലെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചിരുന്നു.