ന്യൂദൽഹി- കാബൂളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്ന വന്യവും കിരാതവുമായ അക്രമണമാണിതെന്നും ഇന്ത്യ പ്രതികരിച്ചു. ചൊവാഴ്ചയാണ് കാബൂളിലെ സ്ത്രീകളുടെ ആശുപത്രിക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഇതിൽ രണ്ടു നവജാത ശിശുക്കളടക്കം 14 പേർ കൊല്ലപ്പെട്ടിരുന്നു. നങ്ഹാർ പ്രവിശ്യയിൽ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേറാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളമടക്കമുള്ള നിരപരാധികളായ മനുഷ്യർക്ക് നേരെ നടക്കുന്ന അക്രമണങ്ങൾ കിരാതമാണെന്നും ഇതിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. നവജാത ശിശുക്കളെയടക്കം കൊലപ്പെടുത്തിയത് മനുഷ്യത്വത്തിന് നേരെയുള്ള ഏറ്റവും ഹീനമായ അക്രമണമാണെന്നും ഇന്ത്യ പറഞ്ഞു. അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രത്യാശിക്കുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിശുദ്ധമാസമായ റംസാൻ വ്രതത്തിന്റെയും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും സമയമാണ്. കോവിഡ് വ്യാപനം പടരുന്ന സഹചര്യത്തിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ പ്രത്യേക പശ്ചാതലത്തിൽ അഫ്ഗാനിൽ സമാധാനം സ്ഥാപിക്കേണ്ടതുണ്ടെന്നും അതിന് ആവശ്യമായ പിന്തുണ നൽകുമെന്നും ഇന്ത്യ വ്യക്തമാക്കി.