ന്യൂദൽഹി- ലോക്ഡൗണിനെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ പാക്കേജിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നൂ കക്ഷികളാണ് വിമർശനവുമായി രംഗത്തെത്തിയത്. 20 ലക്ഷം കോടി എന്ന സംഖ്യ മാത്രം പറഞ്ഞ് പ്രധാനമന്ത്രി പ്രഭാഷണം അവസാനിപ്പിച്ചു എന്നായിരുന്നു മനു അഭിഷേക് സിംഗ്് വിയുടെ പ്രതികരണം. ബാക്കിയുള്ള ജോലി ധനമന്ത്രി നിർമല സീതാരാമന്റെ കൈയിൽ കൊടുത്തുവെന്നും പാക്കേജിന്റെ യഥാർത്ഥ സ്വഭാവം എന്തായിരിക്കുമെന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 'പറഞ്ഞതു പോലെ ജിഡിപിയുടെ 10 ശതമാനം ഉത്തേജക പാക്കേജായി ഉണ്ടെങ്കിൽ അത് വലിയ കാര്യം തന്നെ. എന്നാൽ അത് പഴയ കൊറോണ പാക്കേജും കൂട്ടിച്ചേർത്തുള്ള കണക്കാകരുതെന്നും അ്‌ദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പാക്കേജ് ബിഹാറിന്റെ ദുരിതാശ്വാസ പാക്കേജ് പോലെയാകരുതെന്നായിരുന്നു എൻ.സി.പിയുടെ പ്രതികരണം. 2015ലെ തെരഞ്ഞെടുപ്പിനു മുമ്പ് ബിഹാറിൽ പ്രഖ്യാപിക്കപ്പെട്ട ദുരിതാശ്വാസ പാക്കേജിനെപ്പറ്റി പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല. എല്ലാവർക്കും 15 ലക്ഷം നൽകുമെന്നും, ഗംഗാനദി വൃത്തിയാക്കുമെന്നും, 100 ദിവസം കൊണ്ട് കള്ളപ്പണം കൊണ്ടുവരുമെന്നും നോട്ടുനിരോധനം കൊണ്ട് ഭീകരത ഇല്ലാതാക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ പോലെയാകരുത് ഈ ഉത്തേജക പാക്കേജെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിളിന്റെ വിമർശനം.
പ്രധാനമന്ത്രിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനം അപൂർണവും നിരാശാജനകവുമാണെന്ന് തൃണമൂൽ കോൺഗ്രസ് അഭിപ്രായപ്പെട്ടു. സാമ്പത്തിക പാക്കേജ് എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് ഒരു വ്യക്തതയും പ്രധാനമന്ത്രി നൽകിയില്ല. ഇത്രയും പണം സർക്കാർ ഉണ്ടാക്കുകയെന്നോ അത് എങ്ങനെ ഉപയോഗിക്കുമെന്നോ, ഇതിനായി സർക്കാർ കടമെടുക്കുമോയെന്നോ ഒന്നും അറിയില്ലെന്നും തൃണമൂൽ നേതാവ് ദെരെക് ഒബ്രിയാൻ പറഞ്ഞു.