ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിനിടെ സൗഹൃദരാജ്യങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്ന സാഗർ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പൽ കേസരി മാലിദ്വീപിലെത്തി. 580 ടൺ ഭക്ഷണ സാധനങ്ങൾ ഐഎൻഎസ് കേസരി മാലിദ്വീപിന് കൈമാറി. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് സുധീർ എന്നിവർ വസ്തു കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് ഈ ദൗത്യത്തിന്റെ പ്രവർത്തനമെന്നും ഇന്ത്യ വ്യക്തമാക്കി.