ന്യൂദല്‍ഹി-സ്‌പെഷല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് റെയില്‍വേയുടെ നിര്‍ദേശം. 'ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. യാത്ര തുടങ്ങുന്നതിനുമുന്‍പ് യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം' എന്നാണ് റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നത്. ആപ് യാത്രയ്ക്ക് നിര്‍ബന്ധമാണെന്ന് റെയില്‍വേ വക്താവ് ആര്‍.ഡി.ബാജ്പാ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. എന്നാല്‍ മൊബൈല്‍ ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്ത യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുമോ എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് പ്രധാന നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന 15 സ്‌പെഷല്‍ ട്രെയിനുകള്‍ക്കായി റെയില്‍വേ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരാമര്‍ശിച്ചിരുന്നില്ല. അതിനിടയിലാണ് ആപ് നിര്‍ബന്ധമാക്കി റെയില്‍വേ ട്വീറ്റ് പുറത്തിറക്കിയത്.