പനാജി- കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് 42 ദിവസമായി ഗോവയില്‍ കുടുങ്ങിയ മലയാളികളില്‍ 25 പേര്‍ പ്രത്യേക ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടു. സെക്യൂരിറ്റി സര്‍വീസ് സ്ഥാപനമായ തണ്ടര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ദാബോളിം വിമാനത്തവളത്തിലെ ഗ്രൗണ്ട് ലവല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ അനിശ്ചിതത്വത്തിനൊടുവില്‍ നാട്ടിലേക്ക് തിരിച്ചത്.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സാണ് ഇവര്‍ക്ക് വാഹന സൗകര്യമൊരുക്കിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാത്ര. വിമാനത്താവളത്തിലെ താല്‍ക്കാലിക കരാര്‍ ജീവനക്കാരില്‍ പലരും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ വാടക വീടുകളില്‍ കഴിയുകയായിരുന്നു. ലോക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ക്ക് ഭക്ഷണവും, മറ്റ് അവശ്യ സാധനങ്ങളും മുടങ്ങാതെ എത്തിച്ചു നല്‍കിയിരുന്നതും തണ്ടര്‍ഫോഴ്‌സ് ആയിരുന്നു.
തണ്ടര്‍ ഫോഴ്‌സ് ഉടമ അനില്‍ കുമാര്‍ നേരിട്ടെത്തിയാണ് തങ്ങളെ യാത്ര അയച്ചതെന്നും 40,000 രൂപയാണ് കമ്പനി ബസ് വാടക നല്‍കിയതെന്നും ബസില്‍ പുറപ്പെട്ട കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പറഞ്ഞു. മാസ്‌കും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തിരുന്നു.
തണ്ടര്‍ഫോഴ്‌സ് ഓഫീസര്‍മാരായ ബാബു ജോര്‍ജ്ജ്, ഡോ. നിക്‌സണ്‍ തോട്ടന്‍, സജി ജോണ്‍, സജേഷ്, എയ്മ ഗോവ യൂണിറ്റ് സെക്രട്ടറി പി.സി പ്രസാദ്, ഗോപകുമാര്‍( എക്‌സ് നേവി), കെ. കെ ബി പിള്ള( എക്‌സ് നേവി), അഭിലാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.