റിയാദ് - അനധികൃത രീതിയില്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പന നടത്തിയ മൂന്നു ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു. ദക്ഷിണ റിയാദിലെ അസീസിയ ഡിസ്ട്രിക്ടിലെ താമസസ്ഥലം റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.
സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിം കാര്‍ഡുകളാണ് സംഘം വില്‍പന നടത്തിയിരുന്നത്. വിവിധ കമ്പനികളുടെ 4,548 സിം കാര്‍ഡുകളും 119 മൊബൈല്‍ ഫോണുകളും 15 വിരലടയാള റീഡിംഗ് ഉപകരണങ്ങളും പേപ്പറുകളില്‍ പതിച്ച, അജ്ഞാത ആളുകളുടെ വിരലടയാളങ്ങളുടെ വന്‍ ശേഖരവും തിരിച്ചറിയല്‍ കാര്‍ഡ് കോപ്പികളും ലാപ്‌ടോപ്പുകളും പ്രിന്ററുകളും സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തിയതായി പോലീസ് വക്താവ് അറിയിച്ചു.