വാഷിംഗ്ടണ്‍- കോവിഡ് ചികിത്സയുമായും മരുന്നുമായും ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഹാക്കര്‍മാര്‍ ശ്രമിക്കുകയാണെന്ന് ആരോപണം. ഇത് സംബന്ധിച്ച ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എഫ്.ബി.ഐയും ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂനിവേഴ്‌സിറ്റികളും ഗവേഷണ സംവിധാനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും വെല്ലുവിളി നേരിടുകയാണെന്നാണ് വിദേശ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൊണ്ട് രണ്ട് ഏജന്‍സികളും പറയുന്നത്. ചില സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറ്റം നടന്നുവെന്നും കോവിഡ് ഗവേഷണം നടത്തുന്നതായി പരസ്യമായി പ്രഖ്യാപിച്ച സ്ഥാപനങ്ങളെയാണ് ഹാക്കര്‍ നോട്ടമിട്ടിരിക്കുന്നതെന്നും ഇത്തരം സംവിധാനങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതീവ ജാഗ്രത ആവശ്യമാണെന്ന് ആസ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ എഫ്.ബി.ഐ സൈബര്‍ വിഭാഗം ഡെപ്യൂട്ടി അസി. ഡയരക്ടര്‍ ടോന്യ ഉഗോരെറ്റസ് പറഞ്ഞിരുന്നു.