Sorry, you need to enable JavaScript to visit this website.

രജനികാന്തിന്റെ ബിജെപി പ്രവേശനം തടഞ്ഞത് ആര്? പുതിയ പാര്‍ട്ടിയില്‍ രജനിയെ കൂടെ കൂട്ടാന്‍ തയാറെന്ന് കമല്‍ ഹാസന്‍

ചെന്നൈ- പുതിയ പാര്‍ട്ടിയുമായി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കാനിരിക്കുന്ന നടന്‍ കമല്‍ ഹാസന്‍ തന്നോടൊപ്പം രജനികാന്തിനേയും കൂട്ടാന്‍ തയാറാണെന്നു വ്യക്തമാക്കി. ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും രാഷ്ട്രീയം പരസ്യപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ ബിജെപി പ്രവേശനം തടയുന്നതില്‍ കമല്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും പുതിയ പാര്‍ട്ടിയില്‍ കമലിനൊപ്പം രജനികാന്തുമുണ്ടാകാന്‍ സാധ്യതയേറെയാണെന്നുമുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് കമലിന്റെ പ്രതികരണം. 

 

കഴിഞ്ഞ മാസം ഡിഎംകെ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ രജനിയും കമലും പങ്കെടുത്തിരുന്നു. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാര്‍ഷിക ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനൊപ്പം കമല്‍ വേദിയിലിരുന്നപ്പോള്‍ രജനി സ്റ്റേജിനു പുറത്ത് കാണികള്‍ക്കൊപ്പമാണ് ഇരുന്നത്.

 

അതേസമയം പാര്‍ട്ടീ രൂപികരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും കമല്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഈ മാസം അവസാനത്തോടെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ച് ഏറ്റവും അടിത്തട്ടില്‍ വേരോട്ടമുണ്ടാക്കാനാണു കമലിന്റെ നീക്കമെന്നറിയുന്നു. ഇതിനായുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും ഫാന്‍ ക്ലബ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കാനാണ് കമലിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്. 

Latest News