ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍, കോവിഡ് വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് പ്രധാനമന്ത്രി സംസ്ഥാന തലവന്‍മാരുമായി നടത്തിയത്.
ആറ് സംസ്ഥാനങ്ങള്‍ കൂടിക്കാഴ്ചയില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാവുമെന്നാണ് കരുതുന്നത്. രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് പകരം റെഡ് സോണുകളില്‍ മാത്രം നിയന്ത്രണം കര്‍ശനമായി നിലനിര്‍ത്താനാണ് സാധ്യത. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.
കോവിഡിന് വാക്സിൻ കണ്ടെത്തുന്നതുവരെ സാമൂഹിക അകലം പാലിക്കുക എന്നതാണ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്നും പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായി എടുത്തുകളായാന്‍ സാധ്യതയില്ല.