Sorry, you need to enable JavaScript to visit this website.

പെഹ്‌ലു ഖാന് അഞ്ജലി അർപ്പിക്കാനെത്തിയ ഹർഷ് മന്ദറിനേയും സംഘത്തേയും സംഘപരിവാർ തടഞ്ഞു

അൽവാർ(രാജസ്ഥാൻ)- ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്‌ലു ഖാന് അഞ്ജലിയർപ്പിക്കാനെത്തിയ പൗരാവകാശ പ്രപർത്തകരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞു. കാരവാനെ മൊഹബത്ത് എന്ന പേരിൽ ഹർഷ് മന്ദർ, ജോൺ ദയാൽ തുടങ്ങി പ്രമുഖ പൗരാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന സ്‌നേഹ സന്ദേശ പര്യടനം രാജ്സ്ഥാനിലെ അൽവാറിൽ എത്തിയപ്പോഴാണ് ഇവർക്കെതിരെ ഗുണ്ടകളുടെ കയ്യേറ്റ ശ്രമമുണ്ടായത്. രാജ്യത്ത് പലയിടത്തായി സംഘപരിവാർ അനുകൂല ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരാട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്നതാണീ സ്‌നേഹ സന്ദേശ യാത്ര. 

അൽവാറിലെ ബെഹ്‌റോറിൽ ഗോരക്ഷകരുടെ വേഷത്തിലെത്തിയ ഗുണ്ടകൾ പെഹ്‌ലു ഖാനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സ്ഥലത്ത് പുഷ്പാർച്ചന നടത്തുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശം. മുപ്പതോളം പേരടങ്ങുന്ന ഗുണ്ടകൾ ചേർന്ന് ഹർഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ തടയുകയായിരുന്നു. എന്നാൽ ഗുണ്ടകളെ തടയാൻ പൊലീസ് കാര്യമായൊന്നും ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് ഹർഷ് മന്ദറും സംഘവും റോഡിൽ കുത്തിയിരിപ്പു സമരം നടത്തി.

വിശ്വഹിന്ദു പരിഷത്തിനെ കൂടാതെ ബജ്രംഗ് ദൾ, ഹിന്ദു ജാഗരൺ മഞ്ച് എന്നീ സംഘടകളും തങ്ങളുടെ യാത്രാ സംഘത്തെ  ബെഹ്‌റോറിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നതായി മന്ദർ പറഞ്ഞു. പെഹ് ലുഖാനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഹൈവേ ക്രോസിംഗിലെത്തിയാൽ കല്ലു കൊണ്ടും വടികൾ കൊണ്ടുമായിരിക്കും എതിരേൽക്കുകയ എന്നായിരുന്ന അവരുടെ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. സമാധാന സമ്മേളം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരുന്ന ഹാളിന്റെ ഉടമകൾ പരിപാടി നടത്താൻ അനുമതി നൽകിയില്ലെന്നും വേറെ ഹാളുകൾ നൽകി സഹായിക്കാൻ ആരും തയാറായില്ലെന്നും ഹർഷ് മന്ദർ പറഞ്ഞു.
 

Latest News