കൊച്ചി-കേന്ദ്ര സര്‍ക്കാര്‍ ആജ്ഞയുടെ ഭാഗമായി പോലീസ് ഈ കോവിഡ് സമയം തെരഞ്ഞെടുത്ത് വേട്ട നടത്തുന്നതിന്റെ പിന്നിലുള്ള താല്‍പര്യവും ലക്ഷ്യവും നമുക്ക് മനസ്സിലാക്കാവുന്നതാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ദല്‍ഹിയില്‍ പോലീസ് നടത്തുന്ന വേട്ടക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് പ്രതിഷേധമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് -
ദല്‍ഹിയിലെ കോവിഡ്കാല പോലീസ് വേട്ടയില്‍ പ്രതിഷേധിക്കുക
ദല്‍ഹി കലാപത്തിന്റെ കേസന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ദല്‍ഹി പോലീസ് അങ്ങേയറ്റം ഏകപക്ഷീയമായി നടത്തുന്നു എന്നത് ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. മനുഷ്യരാകെ ഒന്നിച്ച് നിന്ന് പോരാടേണ്ട കോവിഡ് കാലത്തും ഭിന്നത വളര്‍ത്തുന്ന വല്ലാത്ത പണിയിലാണ് കേന്ദ്ര സര്‍ക്കാര്‍. കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന ആസൂത്രിതമായ കലാപത്തിന്റെ മറവില്‍ നിരപരാധികളായ മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് പ്രതിചേര്‍ത്ത് കേസുകള്‍ ചാര്‍ജ് ചെയ്യുന്നു എന്നത് സെക്കുലര്‍ ഇന്ത്യക്ക് അപമാനമാണ്. പൗരത്വ ബില്‍ വിരുദ്ധ സമരത്തില്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജനസഖാക്കളെയും, ജാമിയ മില്ലിഅ, ജെ എന്‍ യു തുടങ്ങിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് നിരവധി എഫ്.ഐആറുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ വിദ്യാര്‍ത്ഥികളില്‍ പലരും സംഭവ ദിവസം സ്ഥലത്ത് പോലുമില്ലാത്തവരാണ്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തിയാണ് മുഴുവന്‍ ജില്ലകളും റെഡ് സോണ്‍ പരിധിയില്‍ വരുന്ന ദല്‍ഹിയില്‍ അറസ്റ്റ് നടക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട എഫ്‌ഐആറും റിമാന്‍ഡ് ഉത്തരവും അറസ്റ്റിനുള്ള കാരണങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിലോ അല്ലാതെയോ പരസ്യപ്പെടുത്തുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ജെ എന്‍ യു ക്യാമ്പസില്‍ ആയുധമേന്തിവന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ആക്രമിച്ച സംഘപരിവാര്‍ ക്രിമിനലുകളുടെ ഐഡന്റിറ്റി വെളിപ്പെട്ടിട്ടും,അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പൗരത്വ ബില്ലിനെതിരെ നടന്ന സമര വേദിയില്‍ പരസ്യമായി തോക്കേന്തി അക്രമം നടത്തിയ സംഘപരിവാറുകാരെ നാമമാത്രമായ വകുപ്പുകള്‍ ചാര്‍ത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു.
പി എ മുഹമ്മദ് റിയാസ്